ബി ജെ പി എംഎല്‍എയുടെ ജന്മദിനാഘോഷത്തിനിടയിലെ തര്‍ക്കം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

single-img
6 March 2021

മധ്യപ്രദേശിലെ ബി ജെ പി എം എല്‍ എയുടെ ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ ദമോഹ് ജില്ലയിലെ ജബേരിയിലെ എം എല്‍ എയായ ധര്‍മേന്ദ്ര സിംഗ് ലോധിയുടെ ജന്മദിനാഘോഷത്തിനിടെയാണ് വെള്ളിയാഴ്ച രാത്രിയോടെ അക്രമസംഭവം നടന്നത്. ബന്‍വാര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.

ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ചിലര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം അവസാനം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് ദമോഹ എസ്പി ഹേമന്ത് ചൗഹാന്‍ അറിയിച്ചു. അധ്യാപകനായ ജോഗേന്ദ്ര സിംഗ്, എം എല്‍ എയുടെ പ്രതിനിധിയായ അരവിന്ദ് ജയ് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇതിൽ ജോഗേന്ദ്ര വെടിയേറ്റാണ് മരിച്ചിരിക്കുന്നത്. അരവിന്ദിനെ അക്രമികൾ കല്ലും വടിയും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.