ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട; അങ്ങ് മനസ്സിൽ വച്ചാൽ മതി; കേന്ദ്ര എജന്സികള്‍ക്കും വി മുരളീധരനെതിരെയും വിമര്‍ശനവുമായി മുഖ്യമന്ത്രി

single-img
6 March 2021
Full text of Kerala Assembly's resolution against Farm Law

വിവാദമായ ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും പങ്കുണ്ടെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയെന്ന് കേരളാ ഹൈക്കോടതിയിൽ പ്രസ്താവന നൽകിയ കസ്റ്റംസിനും, മറ്റ് കേന്ദ്ര ഏജൻസികൾക്കെതിരെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ നൽകിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നു? കേസിൽ എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഇത്തരത്തിൽ പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ വല്ലതും പറഞ്ഞാൽ തെളിവ് കൂടി വേണം. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെയും രൂക്ഷവിമർശനമുയർത്തി മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

”കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആക്രമണോത്സുകത കൂടി. ഇഡി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയൽ ചെയ്ത പ്രസ്താവനയും ഇതിന് ഉദാഹരണമാണ്. മാതൃകാ വികസനബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജൻസികൾ ഇറങ്ങിയിട്ടുള്ളത്.

കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോൾ. കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന ഇതിനുദാഹരണമാണ്. ക്രിമിനൽ നിയമം 160-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിയുടെ ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് പ്രസ്താവന നൽകിയത്. കസ്റ്റംസ് കമ്മീഷണർ ഇതിൽ എതിർകക്ഷി പോലുമല്ല.

സ്വപ്നയും കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസറുമാണ് എതിർകക്ഷികൾ. എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ലാത്തതായിരുന്നു. വിവിധ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്. ഇവരോടൊന്നും പറയാത്ത കാര്യം സ്വപ്ന കസ്റ്റംസിനോട് പറഞ്ഞെങ്കിൽ അതിന് കാരണമെന്ത്? കസ്റ്റംസും ഈ പ്രസ്താവന പ്രചരിപ്പിച്ചവരും ഇതിന് മറുപടി പറയണം.

164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്ന പ്രസ്താവന സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ കിട്ടൂ. അന്വേഷണ ഏജൻസി പൊതുവേ ഒരു വ്യക്തി നടത്തിയ പ്രസ്താവന വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണ്. നിയമവശം ഇങ്ങനെയായിരിക്കെ കേസിൽ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണർ മന്ത്രിസഭയെ അപകീർത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുകയാണ്.

ഇന്നലെ പ്രതിപക്ഷനേതാവ് പറഞ്ഞ ചോദ്യത്തിനുത്തരവും ഇതിലുണ്ട്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ പറഞ്ഞാൽ തെളിവുകൾ വേണമല്ലോ. ഇല്ലെങ്കിൽ കേസ് പൊളിയും. തെളിവില്ലാതെ വല്ലതും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവനയാണ് കസ്റ്റംസ് നടത്തിയിരിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും നേട്ടമുണ്ടാക്കാനുള്ള വിടുവേലയാണ് ഏജൻസികൾ നടത്തുന്നത്.

2020 നവംബറിൽത്തന്നെ രഹസ്യമൊഴിയിൽ എന്തെന്ന് കെ സുരേന്ദ്രനും നിമിഷങ്ങൾക്കുള്ളിൽ ഏറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവനയിറക്കിയിരുന്നു. അവർ ഒരേ സ്വരത്തിലാണത് പറഞ്ഞു. അവർ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പല്ലേ. ആരോപണം വാരിവിതറി പുകപടലമുയർത്തി പൂഴിക്കടകൻ ഇഫക്ടുണ്ടാക്കാം എന്നാവും ഭാവം. തെളിഞ്ഞ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടക്കരുതെന്നും, ജനങ്ങളിൽ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോൺഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു.

കസ്റ്റംസ് രീതികൾ തുടക്കം മുതൽ നമ്മൾ കണ്ടു. കോൺഗ്രസ്, ബിജെപി കേരളതല സഖ്യം സ്വർണക്കടത്ത് ആഘോഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്‍റ് കമ്മീഷണറോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ഓർമയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥൻ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്.

കേസ് മുന്നോട്ട് പോകുമ്പോൾ അന്വേഷണരംഗത്തുണ്ടായിരുന്ന പത്ത് പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്തിന്? ഒരു അസിസ്റ്റന്‍റ് കമ്മീഷണറെ ഉടൻ മാറ്റിയതെന്തിന്? അന്ന് തന്നെ അത് ചർച്ചയായില്ലേ? ഇതിൽ കൃത്യം ചില കളികൾ നടക്കുകയാണ്. കണ്ണടച്ച് പാലു കുടിച്ചാൽ ആർക്കും മനസ്സിലാവില്ലെന്ന ചിന്ത പൂച്ചകൾക്കേ ചേരൂ.

കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടേോ? ഈ മന്ത്രി ചുമതലയിൽ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വ‌ർണക്കടത്ത് നടന്നത്? സ്വർണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാൻ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്ത്?

ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് വിദേശകാര്യവക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്? ആ സഹമന്ത്രി ഇപ്പോൾ വാളും ചുഴറ്റി ഇറങ്ങണ്ട. ജനക്ഷേമം കണ്ട് മുന്നോട്ട് പോകുന്ന ഇടതിനെ ജനങ്ങൾക്കിടയിൽ ഇകഴ്ത്താൻ ഇത് മതിയാകില്ല.

സർക്കാരിന്‍റെ യശസ്സിനെ ഇകഴ്ത്തുകയാണ് ഉദ്ദേശം. ഇടതുപക്ഷം ജനമനസ്സിൽ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സിൽ വച്ചാൽ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത്”