കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം: കെ സുരേന്ദ്രന്‍

single-img
6 March 2021

അന്വേഷണത്തില്‍ കേന്ദ്ര ഏജൻസികൾ സത്യം പുറത്തുകൊണ്ടുവരും എന്ന ഭയാശങ്ക ഉള്ളതിനാലാണ് ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

കേരളത്തില്‍നടക്കുന്ന അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്തതാണ്.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഏജൻസികളെ അന്വേഷണത്തിന് അനുവദിക്കില്ലെന്നുള‌ളത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്ന പ്രസ്‌താവനയല്ല.

ഏതെങ്കിലും രീതിയില്‍ കേന്ദ്ര ഏജൻസികളോട് എതിർപ്പുണ്ടെങ്കിൽ അത് അറിയിക്കാന്‍ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്. അവ സ്വീകരിക്കാതെ പ്രതിഷേധം സംഘടിപ്പിക്കുന്നതും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സത്യം പുറത്തുവരുമെന്ന ഭയാശങ്കയിലാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന ധാരണ കേരളത്തിൽ നടക്കില്ല. ഇത് പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. മുഖ്യമന്ത്രിയുടെത് കുറ്റവാളികളെ സംരക്ഷിക്കാനും സ്വയം രക്ഷപെടാനുമുള‌ള വ്യഗ്രതയുമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.