നാല് യുവാക്കൾക്കൊപ്പം ഒളിച്ചോടി യുവതി ; ഒടുവിൽ അനുയോജ്യനായ വരനെ കണ്ടെത്താൻ ‘ലക്കി ഡ്രോ’യുമായി ഇടപെട്ട് പഞ്ചായത്ത്

single-img
5 March 2021

നാല് യുവാക്കളോടൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒടുവില്‍ അനുയോജ്യനായ വരനെ കണ്ടെത്താൻ പഞ്ചായത്തിന്‍റെ ‘ലക്കി ഡ്രോ’. ഉത്തര്‍ പ്രദേശിലെ രാംപുർ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വളരെ വിചിത്രമായ ഈസംഭവങ്ങൾ അരങ്ങേറിയത്.

സംസ്ഥാനത്തെ താണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി അസിംനഗർ മേഖലയിലെ ചെറുപ്പക്കാരുമായി ഒളിച്ചോടി എന്ന വാർത്ത അവിടെ നിന്നുള്ള പ്രാദേശിക മാധ്യമമായ ‘ഹിന്ദി ഡെയിലി ഹിന്ദുസ്ഥാൻ’ ആണ് റിപ്പോർട്ട് ചെയ്തത്. ഒളിച്ചോടിയ ശേഷം യുവതിയെ ഒരു ബന്ധുവിന്‍റെ വീട്ടിലാണ് യുവാക്കൾ താമസിപ്പിച്ചത്.

പക്ഷെ ഈ വിവരം പരസ്യം ആയതോടെ ഗ്രാമത്തിലേക്ക് മടങ്ങിവരാൻ ഇവർ നിർബന്ധിതരാവുകയായിരുന്നു. ഈ സമയം യുവതിയുടെ വീട്ടുകാർ പോലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ്‌ പഞ്ചായത്ത് കൂടി ഒരു തീരുമാനം എടുക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് യുവാക്കളെ ഓരോരുത്തരെയായി വിളിച്ച് പ്രത്യേകം പ്രത്യേകം സംസാരിച്ചു.

നാല് പേരില്‍ ആരെങ്കിലും ഒരാൾ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ ഈ സമയം സ്വമേധയ ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങൾ പറയുന്നതനുസരിച്ച് യുവാക്കളിൽ നിന്നും തനിക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താൻ യുവതിയും ബുദ്ധിമുട്ടി. . അതോടുകൂടിയാണ് പഞ്ചായത്ത് തന്നെ ഇടപെട്ട് ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വന്നത്. തുടർന്ന് നാല് യുവാക്കളുടെയും പേരെഴുതിയ സ്ലിപ്പുകൾ നറുക്കെടുപ്പിനായി വച്ചു.

നറുക്കെടുപ്പില്‍ ഗ്രാമത്തിലെ തന്നെ ഒരു കുട്ടി ആയിരുന്നു സ്ലിപ്പെടുത്ത് വരനെ കണ്ടുപിടിച്ചത്. യുവതിയുടെ സ്വകാര്യത നഷ്ടമാവാതിരിക്കാന്‍ പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല ഈ ഗ്രാമവാസികൾ.