ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി കെ. സുരേന്ദ്രൻ

single-img
5 March 2021

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണു പറഞ്ഞത് അല്ലാതെ മെട്രോമാൻ ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത്. അദ്ദേഹത്തിലൂടെ ബി.ജെ.പി ശക്തമായ മുന്നേറ്റം നടത്തുമെന്നായപ്പോള്‍ അതിനെ തടസപ്പെടുത്താന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇ. ശ്രീധരനെ പോലെ അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവിന്റ സാമിപ്യവും സാനിധ്യവും കേരളം ആഗ്രഹിക്കുന്നു എന്നാണ് താന്‍ പ്രസംഗിച്ചതെന്നും അല്ലാതെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ കുറിച്ച് തനിക്ക് സാമാന്യ ബോധമുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി ഗവണ്‍മെന്റ് ഉണ്ടാകുമെന്നും ഇ.ശ്രീധരനെ പോലുള്ളവര്‍ നയിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഇ.ശ്രീധരന്റെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തെക്കുറിച്ച് സുരേന്ദ്രൻ പറഞ്ഞത്. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കും. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കിൽ കൂട്ടപലായനമായിരിക്കും ഫലം. തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയപ്പോൾ പ്രതികരിക്കാതിരുന്ന ഇടതു – വലത് മുന്നണികൾ ലൗ ജിഹാദിനെതിരെയും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഇ.ശ്രീധരൻ തന്നെയാണ് കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞതായി ദേശീയമാധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മാധ്യമങ്ങളിൽ കൂടിയാണ് ഇത്തരമൊരു പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും സുരേന്ദ്രനുമായി സംസാരിച്ചപ്പോൾ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നാണു പറ‍ഞ്ഞതെന്നും മുരളീധരൻ പറഞ്ഞിരുന്നു.