ആ കത്ത് വ്യാജം; ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍

single-img
5 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ നിന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് അയച്ചത് താങ്ങളല്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.

അടിസ്ഥാനമില്ലാത്ത വാര്‍ത്തകളുമായി യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിക്കോ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കോ മണ്ഡലം കമ്മിറ്റികള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ച് നേതാക്കള്‍ പ്രസ്താവനയിറക്കി.

നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികല്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ശ്രീ ധര്‍മ്മജനിലൂടെ ബാലുശ്ശേരിയില്‍ യുഡിഎഫിന് ജയിച്ച് കയറാനാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത് എന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം വായിക്കാം:

ബാലുശ്ശേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ആകാന്‍ സാധ്യതയുള്ള ശ്രീ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിക്കോ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കോ മണ്ഡലം കമ്മിറ്റികള്‍ക്കോ യാതൊരു ബന്ധവുമില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. എന്നാല്‍ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മുഴുവന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികല്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും ശ്രീ ധര്‍മ്മജനിലൂടെ ബാലുശ്ശേരിയില്‍ യുഡിഎഫിന് ജയിച്ച് കയറാനാകുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്.

യുഡിഎഫിനേയും കോണ്‍ഗ്രസിനേയും പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന രൂപത്തില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ യോഗ തീരുമാനമെന്ന നിലയില്‍ വ്യാജ ഒപ്പിട്ട് മേല്‍ കമ്മിറ്റികള്‍ക്ക് നല്‍കുകയും പ്രസ്തുത പരാതി വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.