കെൽട്രോൺ അടക്കം 10 സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ സ്റ്റേ ചെയ്ത് ഹൈക്കോടതി

single-img
4 March 2021
Kerala Highcourt

പത്തോളം  പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്.  പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജിയിലാണ് ഉത്തരവ്. 

സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങൾ ഇന്നത്തെ തൽസ്ഥിതി തുടരണമെന്നാണ് ഉത്തരവ്. കില, വനിതാ കമ്മീഷൻ, കെൽട്രോൺ, കെ ബിപ്, എഫ്ഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന നടപടികളിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജിയിൽ ഒരാഴ്ചക്കുള്ളിൽ സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 

പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്.

12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ പരാതി.