ജ്യോല്‍സ്യന്റെ വാക്കുകേട്ട് അഞ്ചുവയസുകാരനെ അച്ഛന്‍ തീകൊളുത്തി കൊന്നു

single-img
4 March 2021

അന്ധവിശ്വാസം ആളെക്കൊല്ലിയാകുന്നു. ദോഷ ജാതകത്തിന്റെ പേരില്‍ അച്ഛന്‍ മകനെ തീകൊളുത്തി കൊന്നു. തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരൺ ആണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.

ജ്യോല്‍സ്യന്റെ വാക്കനുസരിച്ചു ജീവിക്കുന്നയാളായിരുന്നു തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ് ശരണിന്റെ  ജാതകമാണെന്ന് അടുത്തിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു.  ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി മകനെ ഉപദ്രവിച്ചു.

1200-sai-sran-murder

അതേ ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി. അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജ്യോല്‍സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.