ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന അമിത് ഷായുടെ പ്രസംഗം; സഖ്യം വിട്ട് എൻആർ കോൺഗ്രസ്; പുതുച്ചേരി പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി

single-img
4 March 2021

പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു വൻ തിരിച്ചടി; എൻആർ കോൺഗ്രസ് സഖ്യം വിട്ട് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം എൻആർ കോൺഗ്രസ്സിന് നൽകാമെന്ന് ബിജെപി വാക്കുനൽകാത്തതാണു കാരണം. സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് നിർമൽ കുമാർ അനുനയത്തിനെത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് എൻആർ കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. രംഗസാമി അറിയിച്ചതായാണു സൂചന.

കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനെ ഉൾപ്പെടെ ചാക്കിട്ടുപിടിച്ച് സർക്കാരിനെ വീഴ്ത്തിയ ബിജെപി, ഭരണം പിടിക്കാനുറച്ചു നീങ്ങുന്നതിനിടെയാണു രംഗസാമി ഇടഞ്ഞത്. കഴിഞ്ഞ തവണ ഒറ്റ സീറ്റുപോലും ജയിക്കാത്ത ബിജെപിക്കു മുന്നണിയുടെ ചുക്കാൻ കൊടുക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. ഒറ്റയ്ക്കു മത്സരിച്ച എൻആർ കോൺഗ്രസ് 7 സീറ്റിൽ ജയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്നു പ്രസംഗിച്ചതാണ് എൻആർ കോൺഗ്രസിനെ ചൊടിപ്പിച്ചത്. മുന്നണിയിലെ മറ്റൊരു കക്ഷിയായ അണ്ണാഡിഎംകെ നിലപാടു വ്യക്തമാക്കിയിട്ടില്ല. 4 സീറ്റാണു പാർട്ടി കഴിഞ്ഞ തവണ നേടിയത്.

മറുപക്ഷത്ത്, കോൺഗ്രസ് – ഡിഎംകെ സഖ്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തമിഴ്നാട്ടിലേതുപോലെ, കോൺഗ്രസ് – ഡിഎംകെ – ഇടതു സഖ്യം പുതുച്ചേരിയിലും യാഥാർഥ്യമായാൽ മാഹി മണ്ഡലം ആർക്കു നൽകുമെന്നതും ചർച്ചാവിഷയമാണ്. കണ്ണൂരിനോടു ചേർന്നു കിടക്കുന്ന മാഹിയിൽ കോൺഗ്രസും ഇടതു പാർട്ടികളും തമ്മിലാണു പ്രധാന മത്സരം. അതിനിടെ, കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട എംഎൽഎമാരിൽ ഒരാൾ എൻആർ കോൺഗ്രസിൽ ചേർന്നു.