എ.കെ. ശശീന്ദ്രന് സീറ്റ് എൻസിപി യോഗത്തിൽ കയ്യാങ്കളി

single-img
4 March 2021

എന്‍സിപി യോഗത്തില്‍ എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തർക്കം കയ്യാങ്കളിയിലെത്തി. പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പാര്‍ട്ടി ജില്ലാ നേതൃയോഗത്തിലാണ് ഇരുവിഭാഗമായി തിരിഞ്ഞ് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.

രാവിലെ 11 മണിക്ക് ആരംഭിച്ച പാർട്ടി ജില്ലാ നേതൃ യോഗത്തിൽ ശശീന്ദ്രന് സീറ്റു നൽകരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രവർത്തകർക്ക് ശശീന്ദ്രൻ അവസരം നിഷേധിക്കുന്നതായും പരാതി. ഏലത്തൂർ മണ്ഡലത്തിൽ യുവാക്കൾക്ക് പരിഗണന നൽകണമെന്ന് ആവശ്യം. ഇത് ശശീന്ദ്രൻ അനുകൂലികൾ എതിർത്തപ്പോൾ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ 13 ബ്ളോക്കുകളിലെ നാല് ബ്ളോക്കുകളില്‍ ശശീന്ദ്രനെതിരെ മുന്‍പുതന്നെ വിമര്‍ശനം ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കള്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണ്. എന്‍സിപി ശക്തികേന്ദ്രമായ ബാലുശേരി മേഖലയില്‍ ശശീന്ദ്രനെതിരെ വലിയ എതിര്‍പ്പാണ് പ്രവര്‍ത്തകര്‍ക്കുള‌ളത്. ശശീന്ദ്രന് ഏലത്തൂര്‍ സീ‌റ്റാണോ ലഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. എങ്കിലും എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സുരക്ഷിതമല്ല എന്നാണ് എന്‍സിപിയിലെ സംഭവങ്ങള്‍ നല്‍കുന്ന സൂചന.  

സംഭവത്തെ കുറിച്ച്‌ ഔദ്യോഗിക പ്രതികരണം ഒന്നുമുണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ ബഹുഭൂരിപക്ഷം പേരും ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണെന്നാണ് അറിവ്. ശശീന്ദ്രന്‍ മ‌റ്റ് പ്രവര്‍ത്തകരുടെ അവസരം നിഷേധിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.