ലൈംഗികാരോപണ വീഡിയോ പുറത്തുവന്നു; കർണാടകയില്‍ ബിജെപി മന്ത്രി രാജിവച്ചു

single-img
3 March 2021

ലൈംഗികാരോപണത്തിൽ വീഡിയോ പുറത്തുവന്നതോടെ കർണാടകയിലെ ബിജെപി നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവച്ചു. സംസ്ഥാന മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്ക് കൈമാറിയ രാജിക്കത്ത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ന്യായമായ അന്വേഷണം നടക്കേണ്ടതിനാൽ, ധാർമ്മിക കാരണങ്ങളാൽ രാജി സമർപ്പിക്കുകയാണെന്നും രാജിക്കത്തിൽ മന്ത്രി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ജര്‍ക്കിഹോളിക്കെതിരായ ലൈംഗികാരോപണ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇവ കന്നഡ വാർത്താ ചാനലുകൾ വ്യാപകമായി സംപ്രേഷണം ചെയ്യുകയും ചെയ്‌തിരുന്നു.തുടർന്ന് വിവാദം ശക്തമായ ചെയ്‌ത സാഹചര്യത്തിൽ രമേഷ് ജര്‍ക്കിഹോളിയുടെ രാജി പാർട്ടി ആവശ്യപ്പെടുമെന്ന സൂചനകൾ സർക്കാർ നൽകിയിരുന്നു.

തനിക്കെതിരായ വീഡിയോ കൃത്യമമായി തയ്യാറാക്കിയതാണെന്നും തൻ്റെ ഭാഗത്ത് നിന്നും വീഴ്‌ചകൾ സംഭവിച്ചുവെന്ന് വ്യക്തമായാൽ രാഷ്‌ട്രീയം അവസാനിപ്പിക്കുമെന്നും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സർക്കാരിന് കീഴിൽ ജോലി വാഗ്‌ദാനം ചെയ്‌ത് രമേഷ് ജര്‍ക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.