‘ശ്രീ എമ്മിന്റെ അധ്യക്ഷതയില്‍ നടന്ന സിപിഐഎം-ആര്‍എസ്എസ് ചര്‍ച്ച സംഘർഷാവസ്ഥ ഇല്ലാതാക്കാനെന്ന് പി ജയരാജൻ

single-img
3 March 2021
sri m bjp cpm

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനും യോഗഗുരുവായ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് സിപിഎം നേതാവ് പി ജയരാജന്‍. ഇത്തരമൊരു ചര്‍ച്ചയെ സിപിഎം-ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ജനുവരി 30 ന് മാധ്യമം പത്രത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അബ്ദു റഹിമാന്‍ ലേഖനമെഴുതിയിട്ട് എംഐ ഷാനവാസ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വെച്ചാണ് ആ രഹസ്യ ചര്‍ച്ച നടത്തിയതെന്നും ആ രഹസ്യ ചര്‍ച്ചയെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തിയതിനെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് എന്താണ് പറയാനുള്ളത്? നാടിന്റെ സമാധാനത്തിന് വേണ്ടി നടത്തിയ ഒരു ഉഭയകകക്ഷി ചര്‍ച്ചയെ ഈ വിധം ആര്‍എസ്എസ്-സിപിഐഎം ബാന്ധവമാണ് എന്ന നിലയില്‍ ചിത്രീകരിക്കുന്നത് രഹസ്യ ബാന്ധവങ്ങളിലൂടെ വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ശ്രമങ്ങളെ മറച്ചുവെക്കാനാണ്’, പി ജയരാജന്‍ വിമര്‍ശിച്ചു.

ചര്‍ച്ചയുടെ ഭാഗമായി ശ്രീ എം മുഖ്യമന്ത്രിയെയും ആര്‍എസ്എസ് നേതാക്കളെയും  സിപിഎം നേതാക്കളെയും കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും തുടര്‍ന്ന് കണ്ണൂരും ചര്‍ച്ചകള്‍ നടത്തിയത്. ചര്‍ച്ചയില്‍ സമാധാനഭംഗം ഉണ്ടാകാതിരിക്കാന്‍ ഇടപെടലുണ്ടാകണമെന്നു തീരുമാനമെടുക്കുകയും അതിന്റെ  അടിസ്ഥാനത്തില്‍ പയ്യന്നൂരം തലശ്ശേരിയിലും സമാധാന യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും പ്രാദേശികമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ആര്‍എസ്എസുമായി സിപിഎമ്മിന് ആശയപരമായ എതിർപ്പുണ്ട്. ആ ആശയ സംഘട്ടനം ഇപ്പോഴും തുടരുന്നുണ്ട്. കോണ്‍ഗ്രസാണ് ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നത്. 1991ല്‍ കോലീബി സഖ്യത്തിന്റെ ഭാഗമായി നടന്നിട്ടുള്ള രഹസ്യ ചര്‍ച്ചയെക്കുറിച്ച് ബിജെപി നേതാവ് കെജി മാരാരുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ ഒരധ്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം-ആര്‍എസ്എസ് ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍, എംവി ഗോവിന്ദന്‍ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പി ജയരാജന്റെ പ്രതികരണം.