ഇന്ത്യ നടത്തിയത് മികച്ച പ്രകടനമോ?; പിച്ചിനെതിരെ ഇന്‍മാം ഉള്‍ ഹഖ്

single-img
3 March 2021

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിനു വേദിയായ പിച്ചിനെതിരേ പാകിസ്താന്റെ മുന്‍ ക്യാപ്റ്റൻ ഇന്‍സമാമുള്‍ ഹഖും രംഗത്ത്. ഇതുപോലുള്ള പിച്ചുകള്‍ക്കെതിരേ ഐസിസി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇന്ത്യ ഏകപക്ഷീയമായി 10 വിക്കറ്റിനു ജയിച്ച പിങ്ക് ബോള്‍ ടെസ്റ്റ് രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. മുന്‍പേ തന്നെ ഇംഗ്ലണ്ടിന്റെ ചില മുന്‍ താരങ്ങളും പിച്ചിനെതിരേ ആഞ്ഞടിച്ചിരുന്നു. ഇന്ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്‍സി മത്സരം നടന്ന അഹമ്മദാബാദ് പിച്ചിനെതിരേയും ഇന്ത്യക്കെതിരേയും സംസാരിച്ചത്. ഇന്ത്യ നടത്തിയ മികച്ച പ്രകടനമാണോ അതോ പിച്ചിന്റെ സഹായം ലഭിച്ചതുകൊണ്ടാണോ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതെന്നും ഇന്‍സി വീഡിയോയില്‍ ചോദിക്കുന്നു.

ഇത്രയും വേഗത്തില്‍ ഒരു ടെസ്റ്റ് അവസാനിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഈ മത്സരത്തിന്റെ മുന്‍പ് വെറും രണ്ടുദിവസം കൊണ്ട് ഒരു ടെസറ്റ് അവസാനിച്ചത് തനിക്ക് ഓര്‍മയില്ല എന്നും അദ്ദേഹം പറയുന്നു. അഹമ്മദാബാദിലേതു പോലുള്ള പിച്ച് തയ്യാറാക്കുന്നത് ക്രിക്കറ്റിനു നല്ലതാണെന്നു തനിക്കു തോന്നുന്നില്ലെന്നു ഇന്‍സി വ്യക്തമാക്കി.

തീര്‍ച്ചയായും ഐസിസി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. വെറും രണ്ടു ദിവസം പോലും ടെസ്റ്റ് കളിക്കാന്‍ കഴിയാതെ മല്‍സരം അവസാനിക്കുന്ന ഇത് ഏതു തരത്തിലുള്ള വിക്കറ്റാണ്? ഒറ്റ ദിവസത്തിനുള്ളില്‍ 17 വിക്കറ്റുകളാണ് വീണത്. തീര്‍ച്ചയായും ഹോം ടീമെന്ന മുന്‍തൂക്കം നിങ്ങള്‍ മുതലെടുക്കും. അതിനുവേണ്ടി സ്പിന്നിങ് ട്രാക്കുകളും തയ്യാറാക്കും. എന്നാല്‍ ഒരിക്കലും ഇതുപോലെയുള്ള പിച്ച് ഒരിക്കലും പാടില്ലെന്നും ഇന്‍സി പറയുന്നു.