ഭരണത്തുടർച്ച ഉണ്ടായാല്‍ ബംഗാളിനേക്കാൾ വേഗത്തിൽ കേരളത്തിൽ സിപിഎം തകരും: അഡ്വ.ജയശങ്കർ

single-img
3 March 2021

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഭരണത്തുടർച്ച വന്നാൽ ബംഗാളിനേക്കാൾ വേഗത്തിൽ കേരളത്തിൽ സിപിഎം തകരുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. പശ്ചിമ ബംഗാളിൽ 35 വർഷം കൊണ്ടു സംഭവിച്ചത് കേരളത്തിൽ അതിലും എത്രയോ വേഗം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള സഖാക്കൻമാരുടെ അക്രമവും അസഹിഷ്ണുതയും ഗുണ്ടായിസവുമെല്ലാം ഭരണത്തുടർച്ചവരുന്നതോടെ വർദ്ധിക്കും. അങ്ങിനെ ഉണ്ടായാല്‍ സിപിഎം വേഗം തകരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അതിനാല്‍ ഇക്കുറി ഇടതുമുന്നണിക്ക്‌ ഭരണത്തുടർച്ച ഉണ്ടാകണമെന്നായിരിക്കും ബിജെപി ആഗ്രഹിക്കുകയെന്നും അഡ്വ.ജയശങ്കർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, ഇക്കുറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാൽ യുഡിഎഫ് പിന്നെ അതിജീവിക്കില്ല. പ്രത്യേകിച്ച് കോൺഗ്രസ്. അത്രമാത്രം കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ദുർബലമാണ്. അതിന്റെ ഉള്ളില്‍ തന്നെ നേതാക്കൻമാർ തമ്മിലുള്ള പ്രശ്‌നം വേറെ. അണികൾ ആകെ ആശയക്കുഴപ്പത്തിലാണ്.

അതിനാല്‍ തന്നെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ നല്ലൊരു ശതമാനം പ്രവർത്തകരും നേതാക്കളും ബിജെപിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ എത്തിച്ചേരും. അത് തന്നെയാണ് ബിജെപി ആഗ്രഹിക്കുന്നത്. അക്കാരണത്താല്‍ ഇത്തവണ എൽഡിഎഫ് ജയിച്ചാൽ അതിന്റെ ശരിയായ ഗുണഭോക്താവ് ബിജെപി ആയിരിക്കുമെന്നും ജയശങ്കര്‍ പറയുന്നു.