എൽഡിഎഫിനെ ആക്രമിക്കാൻ കാണിക്കുന്ന ആർജ്ജവം ബിജെപി യെ വിമർശിക്കാൻ കോൺഗ്രസ്സുകാർക്കില്ല; ഇന്നത്തെ കോൺഗ്രസാണ് നാളെത്തെ ബിജെപിയെന്ന് പിണറായി വിജയൻ

single-img
2 March 2021

എൽഡിഎഫിനെ ആക്രമിക്കാനാണ് കോൺഗ്രസ് നേതാക്കൾ പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപിയാണെന്ന് പറയുന്നതിൽ യാതൊരു അതിശയവുമില്ലെന്നും പിണറായി വിമർശിച്ചു. ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് ബിജെപിയാട് മൃദുസമീപനമാണെന്നും പിണറായി കുറ്റപ്പെടുത്തി.

“എൽഡിഎഫിനെ ആക്രമിക്കാൻ കോൺഗ്രസ് നേതാക്കൾ വളരെ തൽപ്പരരാണ്. എന്നാൽ, ബിജെപിയെ വിമർശിക്കാൻ ഈ ശുഷ്‌കാന്തിയില്ല. ബിജെപിയെ വിമർശിക്കേണ്ട അവസരം വരുമ്പോൾ കോൺഗ്രസ് അതിൽ നിന്നു ഒഴിഞ്ഞുമാറുന്നു. ഇന്നത്തെ കോൺഗ്രസാണ് നാളെത്തെ ബിജെപിയെന്ന് പറയുന്നതിൽ ഒരു അതിശയവും തോന്നുന്നില്ല,” പിണറായി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെയും പിണറായി പരിഹസിച്ചു. “ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചാൽ തങ്ങൾക്ക് ഒരു സർക്കാരിനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപി ആ സർക്കാരിനെ വിലയ്‌ക്കെടുക്കും, കോൺഗ്രസ് വിൽക്കാനും തയ്യാറായിരിക്കും. കേരളത്തിലെ ജനങ്ങൾക്ക് ഇക്കാര്യം നന്നായിട്ടറിയാം,” പിണറായി പറഞ്ഞു. ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന ഹാഷ്‌ടാഗോടെയാണ് പിണറായി വിജയന്റെ ട്വീറ്റ്.

ഇന്ത്യയിൽ ജനാധിപത്യം മരിച്ചുവെന്നും കഴിഞ്ഞ ആറ് വർഷമായി രാജ്യത്തെ പൊതു സംവിധാനങ്ങൾക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. “ഇന്ന്, കോൺഗ്രസ് പാർട്ടിക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, വിജയിക്കാനുള്ള ഏക മാർഗം നമുക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുക എന്നതാണ്. ഞങ്ങൾ 10-15 സീറ്റുകൾക്ക് വിജയിച്ചാൽ, അത് ഒരു വിജയമല്ല. ഇത് ഒരു നഷ്ടമാണ്, കാരണം ബിജെപി വരും, ആളുകളെ വിലയ്ക്കെടുക്കും, അവർ സർക്കാർ രൂപീകരിക്കും..,” രാഹുൽ പറഞ്ഞു.