മുഹമ്മദ് റിയാസിനെയും ടി വി രാജേഷിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

single-img
2 March 2021

ഡിവൈഎഫ്ഐയുടെ ദേശീയ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി വി രാജേഷ് എന്നിവരെ 14 ദിവസത്തേക്ക് കോട്ടത്തി റിമാൻഡ് ചെയ്തു. വിമാനത്തിലെ യാത്രാക്കൂലി വര്‍ദ്ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് നടപടി.

കോഴിക്കോട് സിജെഎം കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. 2009ൽ നടന്ന കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളായവരുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്.

ഓഫീസിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടിവി രാജേഷ്, കെ കെ ദിനേശൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം നേരത്തെ കേസിൽ പ്രതികളെല്ലായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി.

അതിനു ശേഷം കേസിൽ ഹൈക്കോടതി ഇടപെടുകയും നേതാക്കളോട് വിചാരണ കോടതിയിൽ ഹാജരാവാൻ നിര്‍ദേശിക്കുകയും ചെയ്തു. വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ വിചാരണ കോടതിക്കും ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.