ഹാഥ്രസിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

single-img
2 March 2021
hathras rape case

ഉത്തര്‍പ്രദേശിലെ ഹാഥ്രസിൽ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നു. കേസിലെ പ്രതിയായ ഗൗരവ് ശര്‍മ്മയാണ് വെടിവെച്ചത്. ജാമ്യത്തിലിറങ്ങിയ ഗൗരവ് ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

കൊല്ലപ്പെട്ടയാളുടെ മകളെ ഗൗരവ് ശർമ പീഡിപ്പിച്ചതായി അദ്ദേഹം പരാതി നൽകിയിരുന്നു. ജയിലിൽപ്പോയ ഗൗരവ് ശർമയ്ക്ക് ഒരുമാസത്തിനുള്ളിൽ ജാമ്യം ലഭിച്ചു. സമീപത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വാദിയുടെയും പ്രതിയുടെയും കുടുംബങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 4.30നാണ് സംഭവം. പ്രതിയുടെ ഭാര്യയും അമ്മായിയും ക്ഷേത്രത്തിലെത്തിയപ്പോൾ പീഡനത്തിനിരയായ പെൺകുട്ടിയും സഹോദരിയും അവിടെ ഉണ്ടാകുകയും കേസിൻ്റെ കാര്യം പറഞ്ഞ് അവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ഗൗരവ് ശര്‍മ്മയും സംഭവസ്ഥലത്തെക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. ഇതിനിടെ ഒരു സംഘമാളുകളെ വിളിച്ചെത്തിയ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Gaurav Sharma in custody
പ്രതി ഗൗരവ് ശർമ പൊലീസ് കസ്റ്റഡിയിൽ

ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. പൊലീസിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് കൈകൂപ്പി നീതി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി ഗൗരവ് ശര്‍മ്മ അറസ്റ്റിലായിട്ടുണ്ട്. ഇയാൾക്കെതിരെ ദേശസുരക്ഷാനിയമങ്ങൾ അടക്കം ചാർത്തി കേസെടുക്കാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ലാണ് ഗൗരവ് ശര്‍മ ലൈംഗികോപദ്രവക്കേസില്‍ കസ്റ്റഡിയിലായത്.

Out On Bail, Man Accused Of Sex Assault Kills Woman’s Father In UP’s Hathras