പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്ല; 2024 ൽ വീണ്ടും മല്‍സരിക്കും: ഡൊണാള്‍ഡ്‌ ട്രംപ്

single-img
1 March 2021

2024ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന്‌ സൂചന നല്‍കി മുന്‍ യു.എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. പ്രസിഡന്റ്‌ ജോ ബൈഡന്‍ വ്യാജ വാഗ്‌ദാനങ്ങളാണ്‌ നല്‍കുന്നതെന്നും ട്രംപ്‌ ആരോപിച്ചു. പ്രസിഡന്റ്‌ സ്ഥാനമൊഴിഞ്ഞതിനു ശേഷം ട്രംപ്‌ പങ്കെടുത്ത ആദ്യ പൊതുപരിപാടിയാണ്‌ കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ നടന്നത്‌.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനുളള പിന്തുണ കൂടി വ്യക്തമാക്കുന്നതായണ്  പരിപാടിയിലെ ജനക്കൂട്ടം.  ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ കണ്‍സര്‍വേറ്റീവ്‌ പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സ്‌ എന്ന പേരില്‍ നടന്ന ചടങ്ങിലാണ്‌ വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന സാധ്യത അദ്ദേഹം വ്യക്തമാക്കിയത്‌.

തനിക്കെതിരെയുളള ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ്‌ റോംനി, പാറ്റ്‌ ടോമി, എന്നിവര്‍ക്കെതിരെ ട്രംപ്‌ രംഗത്തുവന്നു. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അവര്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ്‌ വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്ന്‌ വ്യാപകമായ ആരോപണം ഉന്നയിച്ചിരുന്നു. ജനുവരി 6ന്‌ ക്യാപിറ്റോളില്‍ മന്ദിരത്തില്‍ ട്രംപ്‌ അനുകൂലികള്‍ നടത്തിയ കലാപം രാജ്യാന്തര രംഗത്ത്‌ അമേരിക്കയ്‌ക്ക്‌ വലിയ നാണക്കേടായിരുന്നു.അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചില വിമത നീക്കങ്ങള്‍ ട്രംപ്‌ നടത്താനൊരുങ്ങുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന സൂചനകള്‍ തളളി ഡൊണാള്‍ഡ്‌ ട്രംപ്‌. തന്റെ ഉപദേശകരുമായി ചര്‍ച്ച നടത്തിയെന്നും, നിലവിലെ സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന്‌ ട്രംപ്‌ പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ്‌ ശ്രമമെന്നും കണ്‍സര്‍വേറ്റീവ്‌ യോഗത്തില്‍ ഡൊണാള്‍ഡ്‌ ട്രംപ്‌ വ്യക്തമാക്കി.