മ്യാന്‍മറില്‍ ജനാധിപത്യം തകരുന്നത് ഇന്ത്യ ഗൗരവമായി എടുക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പരിഹാസവുമായി സോഷ്യല്‍ മീഡിയ

single-img
1 March 2021

മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിയില്‍ ഇന്ത്യ നിലപാട് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അവിടുത്തെ ജനാധിപത്യം തകരുന്നത് ഇന്ത്യ ഗൗരവമായി എടുക്കണം, മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് കൊണ്ട് തന്നെ അതൊരു ആഭ്യന്തര കാര്യമായി മാത്രം പരിഗണിക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

എന്നാൽ ഇതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്നത്. അവരിൽ ചിലര്‍ക്ക് സുബ്രഹ്മണ്യന്‍ സ്വാമി മറുപടിയും കൊടുത്തു. അയൽ രാജ്യങ്ങളായ നേപ്പാളിനെക്കുറിച്ചും ശ്രീലങ്കെയെക്കുറിച്ചും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ പറഞ്ഞത് പോലെ മ്യാന്‍മറിനെ ഒരു പ്രത്യേക സംസ്ഥാനമായി ഇന്ത്യയ്ക്ക് കാണാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയോട് ഒരാള്‍ കമന്റിൽ പറഞ്ഞത്. പക്ഷെ അത് മ്യാന്‍മറിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി നൽകിയ മറുപടി.

നമ്മുടെ രാജ്യത്ത് തന്നെ ജനാധിപത്യം വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ല. കാരണം അപ്പോള്‍ അന്താരാഷ്ട്ര സമൂഹം നമുക്കുമേല്‍ വിരല്‍ ചൂണ്ടുമെന്ന് മറ്റൊരാള്‍ പറഞ്ഞു. ഇതിന് മറുപടിയായി ഞങ്ങള്‍ ജനാധിപത്യം തകര്‍ക്കുകയാണ് എന്ന് തോന്നുണ്ടെങ്കില്‍ നിങ്ങള്‍ നന്നാക്കൂ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.