കാറില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി; തമിഴ്നാട് സ്പെഷ്യൽ ഡിജിപിക്കെതിരെ കേസെടുത്തു മദ്രാസ് ഹൈക്കോടതി

single-img
1 March 2021

ഡ്യൂട്ടിക്കിടയിൽ അപമര്യാദയായി പെരുമാറിയെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ സ്വമേധയാ കേസെടുത്തു മദ്രാസ് ഹൈക്കോടതി. എ‍‍ഡിജിപി റാങ്കിലുളള ഉദ്യോഗസ്ഥ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം സംഭവത്തിൽ സിബിസിഐഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്. 

കഴിഞ്ഞയാഴ്ചയാണ് ഉദ്യോഗസ്ഥ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 22ന് വാഹനത്തിൽ വച്ച് ഡിജിപി മോശമായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ സന്ദ‌ർശനവുമായി ബന്ധപ്പെട്ട ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് ദുരനുഭവം ഉണ്ടായത്. 

പരാതി നൽകുന്നതിൽ നിന്ന് പിൻമാറാൻ തനിക്ക് മേൽ സഹപ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതായും ഉദ്യോഗസ്ഥ പരാതിപ്പെട്ടിരുന്നു. ആരോപണങ്ങൾ രാജേഷ് ദാസ് നിഷേധിച്ചിരുന്നു.