പിന്‍വാതില്‍ നിയമനം; യൂത്ത് കോൺഗ്രസ് നിരാഹാരം അവസാനിപ്പിച്ചു

single-img
28 February 2021

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി എന്ന് ആരോപിക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ പിന്തുണച്ചും യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

ഇപ്പോള്‍ സമരം ഇരിക്കുന്ന ഉദ്യോഗാർത്ഥികളുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തും. സര്‍ക്കാരിന് മേല്‍ സമ്മർദ്ദ ശക്തിയായി യൂത്ത് കോൺഗ്രസ് നിലനിൽക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഇപ്പോൾ സർക്കാർ ഉദോഗാർത്ഥികൾക്ക് അനുകൂലമായി തീരുമാനമെടുത്തത്. മുന്‍പേ തന്നെ ഈ തീരുമാനം സർക്കാരിന് എടുക്കാൻ സാധിക്കുമായിരുന്നു. സമരങ്ങളോട് കാണിക്കേണ്ട മര്യാദ ഒന്നും സർക്കാർ കാണിച്ചില്ല.

സംസ്ഥാന മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ട് പോയതിനുള്ള കാരണം. മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാർഥികളോട് മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി എ കെ ബാലനുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളെ തുടർന്ന് സെക്രട്ടേറയറ്റിന് മുന്നിലെ സമരം ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ ഇന്ന് അവസാനിപ്പിച്ചു.