കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ഇതുവരെ ആഗ്രഹിച്ചിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

single-img
28 February 2021

കേരളത്തിൽ മുഖ്യമന്ത്രിയാകണമെന്ന് താൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്നും ആവശ്യമില്ലാത്തത് ആഗ്രഹിക്കുന്ന ശീലം തനിക്കില്ലെന്നും അത്തരം ആഗ്രഹങ്ങൾ തന്റെ ചിന്തയിൽ തന്നെ വരാറില്ലെന്നും മുൻ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

നേരത്തെ തന്നെ തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികൾ ആവശ്യപ്പെടാമായിരുന്നുവെന്നും എന്നാൽ അങ്ങനെയൊന്നും താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വളരെക്കാലമായി നല്ല ബന്ധമാണ് ഉള്ളതെന്നും വിദ്യാർത്ഥി രാഷ്ട്രീയ കാലംതൊട്ടുതന്നെ ഇടതുപക്ഷ- /സിപിഎം നേതാക്കളുമായി തനിക്ക് ബന്ധമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ അവരെയെല്ലാം വിമർശിക്കുമ്പോൾ മാന്യമായ ഭാഷയിലാണ് താനത് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് സർവേയിൽ ഒരു പിണറായിക്ക് വൻ ജനപ്രീതിയെന്ന ഫലം ലഭിച്ച കാര്യത്തിലും കുഞ്ഞാലിക്കുട്ടി തന്റെ പ്രതികരണം അറിയിച്ചു.’സർവേ ഫലം അത് ജനങ്ങളുടെ അഭിപ്രായമല്ലേ. ഒരാൾക്ക് ജനപ്രീതി ശതമാനം കൂടുതലായി കാണുന്നുണ്ടെങ്കിൽ പിണറായി വിജയനും അദ്ദേഹത്തിന്റെ അഭ്യുദയകാംഷികൾക്കും സന്തോഷിക്കാം. തനിക്ക് അക്കാര്യത്തിൽ അസൂയയൊന്നുമില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.