കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയില്‍: നിര്‍മ്മല സീതാരാമന്‍

single-img
28 February 2021

കേരള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്ന നിലയിലാണെന്ന് വാളയാര്‍, പെരിയ കൊലപാതകം, വയലാര്‍ കൊലപാതകങ്ങള്‍ പരാമര്‍ശിച്ച് ധനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കാൻ കഴിയുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോട് ഈ ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. കോവിഡ് കാലത്ത് സര്‍ക്കാര്‍ കൂടുതല്‍ സമയം ചെലവഴിച്ചത് പി ആര്‍ പണിക്ക് വേണ്ടിയാണ്. നിലവില്‍ രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് കേസുകളും കേരളത്തിലാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കെ സുരേന്ദ്രന്‍ നയിക്കുന്ന ബി.ജെ.പിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമന്‍.

എസ്ഡിപിഐയുമായി ഇടത് സര്‍ക്കാരിന് രഹസ്യബന്ധമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മൗലികവാദികളുടെ നാടായി മാറി. ഹിന്ദു കൂട്ടക്കൊല നടന്ന മലബാര്‍ കലാപം സര്‍ക്കാര്‍ ആഘോഷമാക്കുന്നുവെന്നും ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്ന് ധനമന്ത്രി ഓർമ്മപ്പെടുത്തി.

കേരളത്തിൽ എല്ലാ പദ്ധതി നിർവ്വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. ഇത് എന്ത് തരം ബജറ്റ് തയ്യാറാക്കലാണെന്ന് നിർമ്മല സീതാരാമൻ ചോദിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ മുഴുവൻ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സിഎജി പറഞ്ഞിട്ടുണ്ടെന്നും നിർമ്മല സീതാരാമന്‍ പറഞ്ഞു.