ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്നാണ് ഈ പാര്‍ട്ടി കെട്ടിപടുത്തത്; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കൾ

single-img
27 February 2021

മുതിര്‍ന്ന നേതാവ് കബില്‍ സിബലിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗമായ ആനന്ദ് ശര്‍മ. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി തങ്ങളിലാരും തന്നെ ജനാലവഴി പാര്‍ട്ടിയിലെത്തിയവരല്ല എന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനത്തിലായിരുന്നു ആനന്ദ് ശര്‍മയുടെ പരസ്യ വിമര്‍ശനം.

‘ ഞങ്ങളില്‍ ആരും ജനാലവഴി പാര്‍ട്ടിയിലേക്ക് കയറി വന്നവരല്ല, വാതിലില്‍ കൂടി നേരായി കടന്ന് വന്നവരാണ്. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പാര്‍ട്ടിയിലേക്ക് കടന്ന് വന്നത്. ഞങ്ങള്‍ എല്ലാവരും കൂടിയാണ് പാര്‍ട്ടി ഉണ്ടാക്കിയത്. അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെ തിരുത്തല്‍ നടപ്പാക്കുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യും,’ ആനന്ദ് ശര്‍മ്മ പറഞ്ഞു.

അതേസമയം, നേരത്തെ വിമര്‍ശനവുമായി കപില്‍ സിബലും രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എന്ന കാര്യം സത്യമാണെന്നാണ് സിബല്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ തിരികെ വരാനായി ഒന്നിച്ചുനിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും സിബല്‍ പറയുകയുണ്ടായി.