കോടികളുടെ ഈട്ടിമര കൊള്ള തകർത്ത് റെയിഞ്ച് ഓഫിസർ; അനുമോദനങ്ങളുമായി വയനാട് പ്രകൃതി സംരക്ഷണസമിതി

single-img
26 February 2021

കോടികളുടെ വീട്ടിമര കൊള്ളയുടെ ഗൂഢാലോചന തകർത്ത് മേപ്പാടി റെയിഞ്ച് ഓഫിസർ എം.കെ. സമീർ. സമീറിന് അഭിനന്ദനവുമായി വയനാട്​ പ്ര​കൃതി സംരക്ഷണ സമിതി. അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫിസറാണ് സമീറെന്നും, അത്യുന്നതർക്ക് പങ്കുള്ള മരംവെട്ട് റാക്കറ്റിന്‍റെ ഗൂഡാലോചനയാണ് സമീർ തകർത്തെന്നും സമിതി ചൂണ്ടിക്കാട്ടി.

പതിനായിരം കോടി രൂപ വിലമതിക്കുന്ന വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്തെ വീട്ടിമരങ്ങൾ നിയമവിരുദ്ധമായി മുറിച്ച്​ കടത്താനുള്ള നീക്കമാണ് സമീറിന്‍റെ ഇടപെടലിലൂടെ​ തടയപ്പെട്ടത്​. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയിഞ്ചിലാണ്​ മരക്കൊള്ളക്ക്​ കളമാരുക്കിയിരുന്നത്​. മരംമുറിക്കുന്നതിന്​ റോജി അഗസ്റ്റിൻ എന്നയാൾ അടക്കം അടക്കം 25 പേർ പാസിനായി രണ്ടു മാസം മുൻപ് അപേക്ഷിച്ചിരുന്നു. അന്നുണ്ടായിരുന്ന റെയിഞ്ച്​ ഓഫിസർ അപേക്ഷയിൽ തീരുമാനമെടുത്തില്ല. ജനുവരി ആദ്യം ചുമതലയേറ്റ എ.കെ. സമീർ അപേക്ഷ നിരസിച്ചു.പാസ്സ് നൽകുന്നതിന് വലിയ സമ്മർദ്ദം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പാസ് നിഷേധിച്ചതോടെയാണ്​ വീട്ടിമരക്കൊള്ള പുറംലോകമറിഞ്ഞത്.

പെരുമ്പാവൂരിലേക്ക് കടത്തിയ 50 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി സമീർ പിടിച്ചെടുത്ത് കണ്ടു കെട്ടിയതും വൻവാർത്താ പ്രാധാന്യം നേടിയിരുന്നു. കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ഉണ്ടായ ഏറ്റവും ആസൂത്രിതവും സുസംഘടതവുമായ ഗൂഢാലോചനയാണ് തുടർന്ന് അനാവരണം ചെയ്യപ്പെട്ടതെന്ന്​ പ്രകൃതി സംരക്ഷണ സമിതി ഫേസ്​ബുക് ​കുറിപ്പിൽ പറഞ്ഞു.

May be an image of outdoors and tree

വയനാട് പ്രകൃതി സംരക്ഷണസമിതിയുടെ ഫേസ്ബുക് കുറിപ്പ് :

വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ളയുടെ ഗൂഢാലോചന തകർത്ത റെയിഞ്ച് ഓഫീസർ സമീറിന്ന് പൂച്ചെണ്ടുകൾ .

കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന മരം കുംഭകോണം രണ്ടാം ഇ. എം .എസ്സ് മന്ത്രിസഭയിലെ എം.കെ.കൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. കക്കി മരം കുംഭകോണമെന്നാണ് അതറിയപ്പെടുന്നത്. കേരള സംസ്ഥാനം ഇന്നു വരെ കണ്ട ഏറ്റവും വലിയ മരം വെട്ടു് ഗൂഢാലോചന ഈ മാസമാദ്യം വയനാട്ടിൽ തകർന്നു വീണു.എം.കെ സമീർ എന്നു പേരുള്ള അസാമാന്യ ഇച്ഛാശക്തിയും സത്യസന്ധതയുമുള്ള റെയിഞ്ച് ഓഫീസറാണ് അത്യുന്നതർക്ക് പങ്കുള്ള ഈ മരംവെട്ട് റാക്കറ്റിൻ്റെ ബലൂണിൽ സൂചി കയറ്റിയത്.

ഫെബ്രുവരി മാസം ആദ്യമാണ് വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്ത് വീട്ടിമരങ്ങൾ നിയമവിരുദ്ധമായി മുറിക്കുന്ന വിവരം പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ അറിയുന്നത്. മരം മുറിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ കണ്ടത് അവിശ്വസനീയമായ കാഴ്ചയാണ്.വാഴവറ്റ കൂടാതെ ആവിലാട്ടു കുന്ന് , കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തെ സാധാരണക്കാരായ കർഷകരുടെ പറമ്പുകളിൽ തലങ്ങും വിലങ്ങും കൂറ്റൻ വീട്ടിമരങ്ങൾ മുറിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് ഞങ്ങൾ അമ്പരന്നു. അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ളവയടക്കമുണ്ട് മുറിച്ചിട്ടവയുടെ കൂട്ടത്തിൽ .

ആദിവാസി ഗോത്ര വിഭാഗത്തിൽ പെട്ട രവിയുടെ പറമ്പിൽ 5 മരങ്ങൾ മുറിച്ചിട്ടിരുന്നു. ഏതാണ്ട് 5 ലക്ഷം രൂപ വിലവരുന്ന രവിയുടെ മരത്തിന് 20000 രൂപയാ വില നിശ്ചയിച്ചത്. 5000 രൂപ അഡ്വാൻസ് കൊടുത്താണ് മരം മുറിച്ചത്. പോടായിപ്പോയതിനാൽ ബാക്കി തരില്ലെന്നും പറഞ്ഞു. വാഴവറ്റയിലെ റോജി അഗസ്റ്റിൻ എന്നയാളാണ് മരം വാങ്ങിയതെന്നും രവി പറഞ്ഞു.ഈ പ്രദേശത്തെ 35 ഓളം വരുന്ന ഉടമകളിൽ നിന്നും കോടികൾ വിലവരുന്ന 300 ലധികം വീട്ടികൾ മുറിച്ചിട്ടതായും മനസ്സിലായി.

സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയിഞ്ചിൽ പെട്ട സ്ഥലങ്ങളാണിത്. റോജി അഗസ്റ്റിൻ അടക്കം 25 പേർ വീട്ടിമരം മുറിക്കാനുള്ള പാസ്സിനായി രണ്ടു മാസം മുൻപ് അപേക്ഷിച്ചിരുന്നു. റിട്ടയർമെൻ്റ് സമയമടുത്ത അന്നുണ്ടായിരുന്ന റെയിഞ്ചാപ്പീസർ അപേക്ഷയിൽ തീരുമാനമെടുത്തില്ല. ജനുവരി ആദ്യം ചുമതലയേറ്റ എ കെ.സമീർ അപേക്ഷ നിരസിച്ചു.പാസ്സ് നൽകുന്നതിന്ന് വലിയ സമ്മർദ്ദം അയാളിൽ ഉണ്ടായെങ്കിലും വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല സമീർ.

സമീർ പാസ്സ് നിഷേധിച്ചതിനെ തുടർന്നാണ് പുറംലോകം വീട്ടിമരക്കള്ളവെട്ട് അറിയുന്നത്.സമീർ പോലും നിനക്കാത്ത , കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ഉണ്ടായ ഏറ്റവും ആസൂത്രിതവും സുസംഘടതുമായ, സുദീർഘ ഗൂഢാലോചനയാണ് തുടർന്ന് അനാവരണം ചെയ്യപ്പെട്ടത്. സംസ്ഥാന സർക്കാറിൻ്റെ പതിനായിരം കോടി രൂപയുടെ സ്വത്ത് ഒരു മാഫിയ സംഘം കൊള്ളയടിക്കുന്നതാണ് തടയപ്പെട്ടത്. ഐ. യും .സി .എൻ ചുവപ്പ് ഡാറ്റാബുക്കിൽ വംശനാശ ഭീഷണിയുള്ളതായി രേഖപ്പെടുത്തിയതും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വയനാട്ടിൽ വൻശേഖരം ഉണ്ടായിരുന്നതും ഇപ്പൊൾ ശുഷ്ക്കിച്ചു വരുന്നതുമായ, ലോകമെങ്ങും വൻ ഡിമാൻറുള്ള വീട്ടിമരങ്ങൾ ആണ് രക്ഷപ്പെട്ടത് .മറ്റു ജനുസ്സിലെ പതിനായിരക്കണക്കിന് മരങ്ങൾ വേറെയും.

കൊറോണ മഹാമാരിയെ തുടർന്ന് കേരളം അടച്ചിടലിലായ പോയ ഒരു വർഷം പരിസ്ഥിതി വിരുദ്ധ നിയമങ്ങളുടെ സുവർണ്ണകാലം കൂടി ആയിരുന്നുവല്ലോ? 2020 മാർച്ച് മാസത്തിൽ കേരള വനം പ്രിൻസപ്പിൾ സെക്രട്ടറി ഡോ.വേണു ഒപ്പിട്ട 3/137/2013 ഉത്തരവ് പുറത്ത് വന്നു. 1964ലെ കേരള ഭൂപതിവ് ചട്ടമൺസരിച്ച് പതിച്ചു കൊടുത്ത പട്ടയഭൂമിയിൽ സർക്കാറിൽ റിസർവ്വ് ചെയ്ത ചന്ദനം, തേക്ക് ,വീട്ടി ,വെള്ള അകിൽ , ചടച്ചി ,തേമ്പാവ് , ചന്ദന വേമ്പ് , ഇരുൾ , കമ്പകം തുടങ്ങിയ 9 ജനുസ്സിൽപെട്ട മരങ്ങളിൽ ചന്ദനം ഒഴിച്ചുള്ളവയെല്ലാം പട്ടയദാർമാർക്ക് മുറിക്കാമെന്നായിരുന്നു ഉത്തരവ്.കേരളത്തിൽ 15 ലക്ഷം ഏക്കറയോളം ഭൂമി അത്തരത്തിലുണ്ട്. അവയിൽ ചുരുങ്ങിയത് 75 ലക്ഷം മരങ്ങളുണ്ട്. ചുരുങ്ങിയത് നാൽപ്പതിനായിരം കോടി രൂപ വില വരുമതിന്ന്. കർഷകർക്കു വേണ്ടി നിരന്തരം ശബ്ദിക്കാറുള്ള KM മാണി പോലും ആവശ്യപ്പെടാത്തതാണിത്. പട്ടയം കിട്ടിയ ശേഷം ഉണ്ടായ മരങ്ങൾക്കേ കർഷകർ അവകാശമുന്നയിച്ചിട്ടുള്ളൂ.കേരളത്തെ മരുഭ്രമിയാക്കാനും പശ്ചിമഘട്ട മലഞ്ചരിവുകളിൽ വൻ പരിസ്ഥിതിദുരന്തമുണ്ടാക്കാനും ഇടവരുത്തുമായിരുന്ന ഈ ഉത്തരവിന്നു പിന്നിൽ വയനാട്ടുകാരനായ റോജി അഗസ്ത്യൻ്റയും രാഷ്ട്രീയക്കുപ്പായ മുള്ള അയാളുടെ അനിയൻ്റെയും നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള മരം ലോബിയുമാണ് ചരടുവലിച്ചത് . പ്രതിപക്ഷമോ മാധ്യമങ്ങളോ കമാന്ന് മിണ്ടിയില്ല. നമ്മുടെ മിക്ക പരിസ്ഥിതി പ്രവർത്തകരും പ്രശനത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടിട്ടും അനങ്ങിയില്ല. അപൂർവ്വം ചിലർ മാത്രമാണ് പ്രതികരിച്ചത്. വൻ സാമ്പത്തിക തിരിമറി ഈ ഉത്തരവിന്നു പിന്നിൽ വ്യക്തമായിരുന്നു എന്ന കാര്യം നിസ്തർക്കമത്രെ.

തൃശ്ശൂരിലെ ”ഒൺ എർത്ത് ഒൺലൈഫ് ” എന്ന സംഘടനയുടെ ശ്രീ. ടോണി തോമസ്സ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രസ്തുത ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. ഇതിനെതിരെ മര മാഫിയ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും പട്ടയം നൽകിയ ശേഷം സ്വയം കിളിർത്തു വന്നതും വെച്ചു പിടിപ്പിച്ചതുമായ മരങ്ങൾ മുറിക്കാൻ കർഷകരെ അനുവദിക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവാകുകയും ചെയ്തു.തുടർന്ന് റവന്യൂ സെക്രട്ടറി 27-11-20 20 ൽ പുതിയ ഉത്തരവിറക്കി.

ഏറെ വിചിത്രവും മുൻപ് കേട്ടുകേൾവിയില്ലാത്തതും ആയ ഒരുത്തരവായിരുന്നു അത് .പട്ടയം ലഭിച്ച ശേഷം മുളച്ചു വന്നതും വച്ചുപിടിപ്പിച്ചതുമായ മരങ്ങൾക്കൊപ്പം മരവിലയടച്ച റിസർവ്വ് ചെയ്ത മരങ്ങൾ മുറിക്കാമെന്നു വ്യക്തമാക്കുന്ന ഉത്തരവിൽ മരം മുറിക്കാൻ തടസ്സം നിൽക്കുന്നവരെ ശിക്ഷിക്കുമെന്ന താക്കീതും ഉണ്ട്. ഒരു സർക്കാർ ഉത്തരവിൽ ഇത്തരം ഭീഷണി മുൻപ് കേട്ടുകേൾവിയില്ലാത്തതാണ്. മരറാക്കറ്റിന്ന് ഉന്നത ഉന്നതഉദ്യോഗസ്ഥരിൽ ഉള്ള സ്വാധീനവും മരം മുറിക്കാൻ അവർക്കുള്ള അത്യുത്സാഹവും ഈ ഉത്തരവിൽ പ്രകടമാണ്.

‌ ഈ ഉത്തരവ് ദുർവ്യാഖ്യാനിച്ചാണ് കഴിഞ്ഞ രണ്ടു മാസമായി വയനാട് , തൃശ്ശൂർ , ഇടുക്കി , പത്തനംതിട്ട ,തുടങ്ങിയ ജില്ലകളിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ലോഭമില്ലാത്ത സഹകരണത്തോടെ വൻമരംമുറി അരങ്ങേറിയത്.

‌ മരം റാക്കറ്റിൻ്റെ മുഖ്യ സൂത്രധാരനായ റോജി അഗസ്റ്റിൻ വയനാട് ആകെ വെളുപ്പിക്കാനുള്ള സർവ്വ സന്നാഹങ്ങളും ഇതിനിടയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു. അയാൾ സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ഇല്ലാത്ത മരഡെപ്പോയ്ക്ക് പ്രോപ്പർട്ടി മാർക്ക് റജിസ്ട്രേഷൻ സമ്പാദിച്ചു. മരങ്ങൾ കടത്തിക്കൊണ്ടുപോകാനുള്ള ഫോറം 4 ഉം സമ്പാദിച്ചു.

SBI അടക്കം വിവിധ ബാങ്കു തട്ടിപ്പുകൾ , വാഹന ഇൻഷൂറൻസ് തട്ടിപ്പ് തുടങ്ങിയ കുപ്രസിദ്ധ തട്ടിപ്പുകൾ വിനോദവും ജീവിത ചര്യയുമാക്കിയ റോജി സഹോദരങ്ങൾ വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്വാധീനിച്ചു കഴിഞ്ഞിരുന്നു. വിചിത്ര ഉത്തരവിറക്കിയ തിരുവനന്തപുരത്തും വേണ്ടത്ര പിൻതുണ ഇയാൾക്കുണ്ടായിരുന്നു.വയനാട്ടിലെ പട്ടയഭൂമികളിൽ സർക്കാർ റിസർവ്വ് ചെയ്ത കൂറ്റൻ വീട്ടിമരങ്ങളിലാണ് ഇവരുടെ കഴുകൻ കണ്ണുകൾ ചുറ്റിക്കറങ്ങിയത്.വീട്ടിമരങ്ങൾ പശ്ചിമഘട്ട മലനിരകളിലെ ഉള്ളൂ. അതിൻ്റെ വൻശേഖരമുണ്ടായിരുന്നത് വയനാട്ടിലാണ്. വയനാടൻ വീട്ടിത്തടികൾക്ക് ദേശാന്തര കീർത്തിയുണ്ട്. യൂറോപ്പിലാകെ വയനാടൻ വീട്ടിയുടെ പെരുമയുണ്ട്. 500 മുതൽ 1000ത്തിലധികം വർഷമുള്ള വീട്ടികൾ വയനാട്ടിലുണ്ട്. അവയിൽ ഭൂരിഭാഗവും വിവിധ കാലങ്ങളിൽ അന്യം നിന്നപ്പോയി എന്നത് മറ്റൊരു ദുരന്തം .വയനാട് എക്സ് സർവ്വീസ്മെൻ കോളനൈസേഷൻ സ്കീമിൽ പെട്ടതും റിസർവ്വ് ചെയ്തതും ആയ മരങ്ങളും സർക്കാർ കഴിഞ്ഞ 20 വർഷമായി മുറിച്ചു കൊണ്ടിരിക്കുകയാണ്.

സർക്കാറിൽ നിക്ഷിപ്തമായ അനേകായിരം കോടി രൂപ വിലവരുന്ന തേക്ക് ,വീട്ടി, ചന്ദനം എന്നീ മരങ്ങളുടെ സംരക്ഷണച്ചുമതലവില്ലേജ് ആപ്പീസർ മുതൽ ജില്ലാ കളക്ടർ വരെയുള്ളവർക്കാണ്. അവർ എൻ.ഒ.സി. നൽകിയാൽ മാത്രമെ സ്വകാര്യ ഭൂമിയിലെ മരങ്ങൾക്ക് വനം വകുപ്പ് ട്രാൻസിറ്റ് പാസ്സ് നൽകുകയുള്ളൂ. മരം മുറിക്കുന്നതിന്ന് മുൻപ് കട്ടിംഗ് പെർമിഷൻ എടുക്കേണ്ടതുണ്ട്.

റോജി അഗസ്റ്റിൻ വീട്ടിമരങ്ങൾ വാങ്ങിയ പട്ടയദാർമാരുടെ പേരിൽ പെർമിറ്റിനും പാസ്സിനുള്ള അപേക്ഷ നൽകുകയും വീട്ടിമരങ്ങൾ മുറിച്ച് ചെത്തിമിനുക്കി കടത്തിക്കൊണ്ടുപോകാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ പെരുമ്പാവൂരിലെ മലബാർ ടിമ്പർ എക്സ്പോർട്ടേഴ്സുമായി പതിനായിരം ക്യൂബിക്ക് മീറ്റർ വീട്ടിത്തടി നൽകാനുള്ള കരാർ ഒപ്പിടുകയും ഒന്നര കോടി രൂപ അസ്വൻസായി മീനങ്ങാടി ഫെഡറൽ ബാങ്ക് അക്കൌണ്ടിലൂടെ കൈപ്പറ്റുകയു ചെയ്തു. ഇത്രയും മരത്തിന്ന് ചുരുങ്ങിയത് 200 കോടി രൂപ വില വരും.

മേപ്പാടി റെയിഞ്ചാപ്പീസർ പാസ്സ് നിഷേധിച്ചതിനെ തുടർന്ന് മരംമുറി അനധികൃതമാണെന്ന വിവരം പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ അറിയുകയും പത്രക്കുറിപ്പിലൂടെ വിവരം ബാഹ്യലോകം അറിയുകയും ചാനലുകൾ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.സർക്കാർ 27-11-2020 ഉത്തരവ് ഉടനടി റദ്ദാക്കുകയും ചെയ്തു .

അന്നു രാത്രി തന്നെ പെരുമ്പാവൂരിലേക്ക് കടത്തിയ 50 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി പെരുമ്പത്യരിൽ നിന്നും സമീർ പിടിച്ചെടുത്ത് കണ്ടു കെട്ടി . റയിഞ്ച് ഓഫീസർ സമീറിന്നെതിരെ പ്രതികാര ദാഹം ആളി കത്തിയതിനെ തുടർന്ന് മര മാഫിയ അയാൾക്കെതിരെ കള്ളക്കേസ്സെടുക്കാൻ വൃഥാ ശ്രമിച്ചു നോക്കി. ഗുണ്ടായിസവും പ്രയോഗിച്ചു.ബ്ലാക്ക് മെയിലിംഗ് പറ്റുമോ എന്നും നോക്കി. ഉന്നതരായ ചില വനം വകുപ്പ് ഉദഗസ്ഥരും റോജി അഗസ്റ്റിന്ന് വേണ്ടി സമീറിനെ ദ്രോഹിക്കാൻ തയ്യാറായത് ഏറെ ദു:ഖകരമാണ്.

റവന്യൂ വകുപ്പും ജില്ലാ കലക്ടറും ഇപ്പോഴും വൃത്തി കെട്ട കളികൾ തുടരുകയാണ്.ഒരു വില്ലേജ് ഓഫീസറെ സസ്പൻറ് ചെയ്ത് രക്ഷപ്പെടാനും റോജി അഗസ്റ്റിനെ രക്ഷിക്കാനുമാണ് ശ്രമം. അയാൾക്കെതിരെ ആദിവാസികളെ വഞ്ചിച്ചതിനോ പൊതുമുതൽ മോഷ്ടിച്ചതിനോ കേസ്സെടുത്തിട്ടില്ല. പൊലീസിൽ കേസ്സ് ബുക്ക് ചെയ്തിട്ടില്ല. പൊതുമുതൽ നശിപ്പിച്ചതിന്ന് PDPP ആക്ട് പ്രകാരം കേസ്സ് ബുക്ക് ചെയ്തിട്ടില്ല. മുറിച്ചിട്ട സർക്കാർ മരങ്ങൾ കണ്ടു കെട്ടിയിട്ടില്ല. ഉത്തരവാദികൾക്കെതിരെ നടപടി എടുത്തിട്ടില്ല. ദോഷം പറയരുതല്ലൊ, റോജി വ്യാജരേഖകൾ നൽകി സമ്പാദിച്ച പ്രോപ്പർട്ടി മാർക്കു റജിസ്ട്രേഷൻ പോലും ദ്ദൊക്കിയിട്ടില്ല.

വയനാട്ടിലെ മരംകൊള്ളയുടെ അന്വേഷണം , വനം – റവന്യൂ വകുപ്പുകളിലെയും പൊലീസിലേയും ഉന്നത ഉദ്യാഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് അവരെ ഏൽപ്പിക്കണമെന്നാണ് പ്രക്രുതി സംരക്ഷണ സമിതിയുടെ ആവശ്യം.

വീട്ടിമരം കള്ളത്തടി വെട്ട് സംഭവം റിപ്പോർട്ട് ചെയ്യുന്നതിലും സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പിൻതുണ നൽകുന്നതിലും മരലോബിക്കു വേണ്ടി വിടുവേല ചെയ്യുന്നവരെ തുറന്നു കാണിക്കുന്നതിലും വയനാട്ടിലെ മാധ്യമ പ്രവർത്തകർ കാണിച്ച ജാഗ്രത ശ്ളാഘനീയവും മാതൃകാപരവുമാണ്.

ശ്രീ.എം.കെ.സമീറിനെപ്പോലുള്ള ഉദ്യോഗസ്ഥർ വനം വകുപ്പിൻ്റെ അഭിമാനമാണ്. അയാളുടെ ധൈര്യവും സ്ഥൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണ്. ഇത്തരം വനപാലകരെ കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ സംരക്ഷിക്കുകയും അവർക്ക് പിൻതുണ നൽകുകയും വേണം

വയനാട് പ്രകൃതി സംരക്ഷണസമിതിയുടെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം