തുടര്‍ഭരണം ലക്ഷ്യമിട്ട് അതിവേഗ ഒരുക്കങ്ങളുമായി എൽഡിഎഫ്; ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി

single-img
26 February 2021

തുടര്‍ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണിയിലെ സീറ്റ് വിഭജന ആദ്യഘട്ട ഉഭയകക്ഷിചര്‍ച്ചകള്‍ പൂര്‍ത്തിയായി. അതിവേഗ ഒരുക്കങ്ങളുമായി നീങ്ങുകയാണ് എൽഡിഎഫ്. ബൂത്തുതല കമ്മിറ്റികളെല്ലാം രൂപീകരിച്ചുകഴിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഇടതുമുന്നണി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരുന്നു. കഴിഞ്ഞതവണത്തെ 91 സീറ്റ് എന്ന ഉജ്വലനേട്ടം തുടരാനാവില്ലെന്ന് അറിയാമെങ്കിലും തുടര്‍ഭരണം കൈയെത്തും ദൂരത്തുണ്ടെന്നാണ് ഇടതുമുന്നണിയും സിപിഎമ്മും വിലയിരുത്തുന്നത്.

തദ്ദേശതിരഞ്ഞെടുപ്പില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുകളിലുണ്ടായ നേട്ടവും ശുഭപ്രതീക്ഷയ്ക്ക് കാരണമാണ്. ലോക്സഭാതിരഞ്ഞെടുപ്പിലെ ശബരിമല ഫാക്ടര്‍ ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയാണ് മുന്നണിക്ക്. കേരളകോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും യുഡിഎഫില്‍ നിന്ന് ഇടതുമുന്നണിയിലേക്ക് എത്തിയതോടെ ബഹുജനാടിത്തറ ശക്തമാക്കാനായെന്നുമാണ് വിലയിരുത്തല്‍.

ഇടതുമുന്നണി ബൂത്ത് തല കമ്മറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞു. ഇന്നു ജെഡിഎസുമായും ഉഭയകക്ഷി ചര്‍ച്ച നടത്തിയതോടെ സിപിഎം ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. നാളെ രണ്ടാം ഘട്ട ചര്‍ച്ച തുടങ്ങിയേക്കും. സിപിഎം–സിപിഐ ധാരണയായാല്‍ ഇടതുമുന്നണിയിലെ സീറ്റ് നിര്‍ണയത്തിന് വേഗം കൂടും.

മാണി സി.കാപ്പന്‍ എന്‍സിപി വിട്ടതോടെ പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കം തീര്‍ന്നു. എല്‍ജെഡിയ്ക്കും ജെഡിഎസിനുമിടയിലുള്ള സീറ്റ് വിഭജനമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. പുതിയ കക്ഷികള്‍ മുന്നണിയിലെത്തിയ സാഹചര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളും തീരുമാനിച്ചു കഴിഞ്ഞു.