കഴിഞ്ഞ നാലുവർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി; ഫീസ് കൂടാൻ സാധ്യത

single-img
25 February 2021

കഴിഞ്ഞ നാലുവർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാമെന്ന് ഫീസ് നിർണയസമിതിക്ക് നിർദേശം നൽകി സുപ്രീംകോടതി. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്മെന്റുകളോട് കോടതി ആവശ്യപ്പെട്ടു. പുനർനിർണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. 12,000 വിദ്യാർഥികളെ ബാധിക്കും. 6.55 ലക്ഷം രൂപയാണ് സമിതി നിർണയിച്ചിരിക്കുന്ന തുക. എന്നാൽ 11 മുതൽ 22 ലക്ഷം വരെയാണ് കോളജുകൾ ആവശ്യപ്പെടുന്നത്.

അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി പതിനൊന്ന് ലക്ഷം രൂപ വിദ്യാഥികളില്‍ നിന്ന് ഈടാക്കാന്‍ 2017 ല്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. 2016 ല്‍ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസ് സംബന്ധിച്ച വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടാല്‍ താൽകാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും സുപ്രീം കോടതി തങ്ങളുടെ വിധിയില്‍ വ്യക്തത വരുത്തും.

2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാർഥികളെ സുപ്രീംകോടതി വിധി ബാധിക്കും. 2016 ല്‍ രണ്ട് കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്കും വിധി ബാധകമാകും.