98 സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നതായി വി വി രാജേഷ്; വ്യാജ പ്രചരണമെന്ന് സിപിഎം

single-img
24 February 2021

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടപ്പ് അടുക്കേ തിരുവനന്തപുരത്ത് 98 സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. ‘മുൻ പഞ്ചായത്ത് പ്രസിഡന്റും ഏര്യ കമ്മിറ്റി മെമ്പറുമായിരുന്ന മുക്കോല പ്രഭാകരന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്.’ എന്ന് രാജേഷ് പറഞ്ഞിരുന്നു.സിപിഎമ്മിന്റെ മുക്കോല ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപി ഓഫീസാക്കി മാറ്റാമെന്ന് ഇവർ അറിയിച്ചതായും രാജേഷ് പറഞ്ഞു.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നതെന്ന് രാജേഷ് പറഞ്ഞു. അതേസമയം, ബിജെപിയുടേത് വ്യാജ പ്രചാരണം ആണെന്ന്പറഞ്ഞുകൊണ്ട് സിപിഎം രംഗത്തെത്തി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ കാരണത്താൽ മുക്കോല പ്രഭാകരനെ 2020ൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ഇപ്പോൾ ബിജെപി ഓഫീസാക്കി മാറ്റുമെന്ന് പറയുന്ന ബ്രാഞ്ച് ഓഫീസ് മുക്കോലയിൽ ഇല്ലെന്നും സിപിഎം കോവളം ഏര്യ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ പറഞ്ഞു.

പനവിള, തോട്ടം എന്നീ ബ്രാഞ്ചുകളിലെ പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ ചേർന്നുവെന്നാണ് ബിജെപി പ്രചാരണം. കൃഷിക്കാർ ആയുധങ്ങൾ കൊണ്ടുവയ്ക്കാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന തരത്തിൽ ബിജെപി പ്രചരിപ്പിക്കുന്നത്. ഇവിടെയായിരുന്നു ബിജെപി കൊടികുത്തിയത്. അനധികൃതമായി നിർമ്മിച്ച ഈ കെട്ടിടം പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് തഹസിൽദാർ കത്തുകൊടുത്തിട്ടുണ്ടെന്നും ഹരികുമാർ പറഞ്ഞു.