യുഎഇ കോണ്‍സുലേറ്റ് മുൻ ഗണ്‍മാനെ വീണ്ടും കാണാതായി; സ്കൂട്ടറും കുറിപ്പും കണ്ടെത്തി

single-img
24 February 2021
jayaghosh uae consulate gunman

സ്വര്‍ണക്കടത്ത് നടന്ന സമയത്ത് യുഎഇ കോണ്‍സുലേറ്റി(UAE Consulate)ലെ ഗണ്‍മാനായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജയഘോഷി(Jayaghosh)നെ വീണ്ടും കാണാതായി. അദ്ദേഹത്തിൻ്റെ സ്കൂട്ടറും മൊബൈല്‍ ഫോണും നേമം പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് കണ്ടെത്തി.

മാനസിക പ്രശ്നങ്ങള്‍ കാരണം മാറിനില്‍ക്കുന്നുവെന്ന് എഴുതിയ കുറിപ്പും സ്കൂട്ടറിൽ നിന്നും കണ്ടെത്തി. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ തുടക്കത്തിലും ജയഘോഷിനെ കാണാതായിരുന്നു.

കോണ്‍സുലേറ്റില്‍ ഗണ്‍‍മാനായിരുന്ന ജയഘോഷിനെ ജൂലായില്‍ ഒരു രാത്രി മുഴുവന്‍ കാണാതായ ജയഘോഷിനെ പിറ്റേദിവസം വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിന് ശേഷം സ്വര്‍ണക്കടത്തില്‍ ബന്ധമെന്ന് സംശയിച്ച് കസ്റ്റംസ് ചോദ്യം ചെയ്തെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായിരുന്നില്ല. പൊലീസില്‍ നിന്ന് സസ്പെന്‍‍ഡും ചെയ്തു. 

അതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ വീണ്ടും കാണാതായെന്ന് വീട്ടുകാര്‍ തുമ്പ പൊലീസില്‍ പരാതി നല്‍കുന്നത്. രാവിലെ ഭാര്യയെ ഓഫീസില്‍ കൊണ്ടാക്കിയ ശേഷം വീട്ടിലെത്തിയിട്ടില്ല. ഉച്ചയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ വട്ടിയൂര്‍ക്കാവിലുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് ഫോണിലും ലഭിക്കാതായതോടെയാണ് പരാതി നല്‍കിയത്. അതിനിടെ നേമം പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് നിന്ന് സ്കൂട്ടര്‍ കണ്ടെത്തി. മൊബൈല്‍ ഫോണും ഒരു കുറിപ്പും അതിലുണ്ട്. “മാനസികമായി നല്ല സുഖത്തിലല്ല, റിലാക്സാകാനായി മാറിനില്‍ക്കുന്നു. അരുതാത്തതൊന്നും ചെയ്യില്ല. അതിനാല്‍ പേടിക്കേണ്ടെ”ന്നുമാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. എങ്കിലും അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

UAE Consulate former gunman Jayaghosh goes missing again