ശബരിമല വിഷയത്തിലെയും പൗരത്വ പ്രതിഷേധത്തിലെയും കേസുകൾ പിൻവലിക്കും; മന്ത്രിസഭാ തീരുമാനം

single-img
24 February 2021
sabarimala anti caa protest cases

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലും ചാർജ്ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളായിരിക്കും പിന്‍വലിക്കുക. 

പൊലീസിനെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നാമജപ ഘോഷയാത്ര പോലെയുള്ള ചില പ്രകടനങ്ങളുടെ പേരിൽ ചാർജ്ജ് ചെയ്ത ലളിതമായ വകുപ്പുകളുള്ള കേസുകളാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പൗരത്വനിയമവുമായി ബന്ധപ്പെട്ടും ഗതാഗതതടസം സൃഷ്ടിച്ചതിനും കൂട്ടം കൂടിയതിനും മറ്റും നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. എല്ലാത്തരം പ്രക്ഷോഭങ്ങളിലും ചാർജ്ജ് ചെയ്യുന്ന ഇത്തരം ലളിതമായ വകുപ്പുകൾ അടങ്ങിയ കേസുകൾ പിൻവലിക്കാനാണ് തീരുമാനം.

ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം പറയുന്നത് സര്‍ക്കാര്‍ ചെയ്യുകയാണെന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. സർക്കാരിനിത് വൈകിവന്ന വിവേകമാണെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. അതേസമയം പൗരത്വനിയമത്തിെനതിരായ കേസുകള്‍ കലാപത്തിനുള്ള ആഹ്വാനമാണെന്നും രണ്ടും ഒന്നായി കാണാനാവില്ലെന്നും എംടി രമേശ് മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.

Highlights: Kerala Govt to withdraw Sabarimala and Anti CAA protest cases