അര മണിക്കൂറിലേറെ ഉദ്യോഗാർഥികൾക്കൊപ്പം സമരപ്പന്തലിൽ സമയം ചിലവഴിച്ച് അവർക്കാശ്വാസമേകി രാഹുൽ ഗാന്ധി

single-img
24 February 2021

സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് പ്രത്യാശയും ആശ്വാസവുമേകി രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന് പിറകെയാണ് രാഹുൽ ഉദ്യോഗാർഥികളെ സമരപ്പന്തലിലെത്തി സന്ദർശിച്ചത്. അര മണിക്കൂറിലേറെ സമയം സമരപ്പന്തലിൽ ചിലവഴിച്ച രാഹുൽ ഉദ്യോഗാർത്ഥികളോട് ചർച്ച നടത്തി.

ശംഖുമുഖത്തെ ഐശ്വര്യ കേരളയാത്ര സമാപന സമ്മേളനത്തിൽ ഉദ്യോഗാർഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച രാഹുൽ അവിടെ നിന്നാണു നേരെ സമരവേദിയിലേക്ക് എത്തിയത്. എല്ലാ സമരപ്പന്തലുകളിലും എത്തി ഉദ്യോഗാർഥികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പും നൽകി. കേരളത്തിൽ സിപിഎം കൊടി പിടിക്കുന്നവർക്ക് എന്ത് സ്വർണക്കടത്ത് വേണമെങ്കിലും നടത്താൻ കഴിയുന്ന സാഹചര്യമാണെന്നും അവർക്ക് എന്ത് ജോലി വേണമെങ്കിലും ലഭിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

” ഇടത് സർക്കാർ പറയുന്നത് അവർ കേരളത്തെ ഏറ്റവും മികച്ചതാക്കും എന്നാണ്. എന്നാൽ ആർക്കാണ് അത് ഏറ്റവും മികച്ചതാവുന്നതെന്നതാണ് ചോദ്യം. കേരളത്തിലെ ജനങ്ങൾക്കാണോ ഇടത് സംഘടനകൾക്കാണോ മികച്ചതാവുന്നത്. നിങ്ങൾ അവരുടെ ആളാണെങ്കിൽ ഏത് ജോലിയും നിങ്ങൾക്ക് ലഭ്യമാണ്. നിങ്ങൾ അവരുടെ കൊടി പിടിക്കുകയാണെങ്കിൽ ഏത് അളവിലുള്ള സ്വർണക്കള്ളക്കടത്തും നടത്താം. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ആ ജോലി ചെയ്യാനാവും.
പക്ഷേ ഇതൊന്നുമല്ലാത്ത ഒരു മലയാളിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സെക്രട്ടറിയേറ്റിന്റെ മുന്നിലിരുന്ന് പോരാടേണ്ടി വരും,” രാഹുൽ പറഞ്ഞു.

കൺമുന്നിൽ ഈ സമരങ്ങളെല്ലാം നടന്നിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ടു നിങ്ങളെ കാണാൻ തയാറാവുന്നില്ലെന്ന് അവരോടു രാഹുൽ സമരക്കാരോട് തിരക്കി.

രാത്രി 7.50ന് എത്തിയ രാഹുൽ ഗാന്ധി സിവിൽ പൊലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സമരപ്പന്തലിലേക്കാണ് ആദ്യം പോയത്. ‘ഞങ്ങളുടെ ജീവൻ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകൾ നെഞ്ചിൽ പതിച്ചു തറയിൽ കിടക്കുകയായിരുന്ന ഉദ്യോഗാർഥികൾക്ക് അരികിലിരുന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയോ മന്ത്രിമാരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഉദ്യോഗാർഥികൾ സങ്കടം പറഞ്ഞപ്പോൾ, അവരെല്ലാം അവിടെയുണ്ടെന്നു നേതാക്കൾ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് റാങ്ക് ജേതാക്കളുടെ പന്തലിലെത്തിയപ്പോൾ നേതൃനിരയിൽ ശ്രദ്ധേയയായ ലയ രാജേഷിനെ നേതാക്കൾ പരിചയപ്പെടുത്തി. ഔദ്യോഗിക വസതിയിൽ ചർച്ചയ്ക്കു പോയപ്പോൾ മന്ത്രി അവഹേളിച്ചതും സൈബർ ആക്രമണത്തിന് ഇരയായതുമെല്ലാം ലയ വിശദീകരിച്ചു.

‘ഐ ലൈക് യുവർ സ്പിരിറ്റ്’ എന്നായിരുന്നു രാഹുലിന്റെ അനുമോദനം. നിരാഹാരം കിടക്കുന്ന കെ. കെ. റിജു ആത്മഹത്യയ്ക്കു ശ്രമിച്ച കാര്യം പറഞ്ഞപ്പോൾ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഇനി അത്തരം ചിന്തയുണ്ടാവരുതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നും രാഹുൽ പറഞ്ഞു.

കെഎസ്ആർടിസി മെക്കാനിക്, ഫോറസ്റ്റ് വാച്ചർ, അധ്യാപക റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവരെയും ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട എയ്ഡഡ് എൽപി സ്കൂൾ അധ്യാപകരെയും കൂടി സന്ദർശിച്ച ശേഷമാണ് അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ നിരാഹാരപ്പന്തലിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നു കഴിഞ്ഞ ദിവസം നിരാഹാരം അവസാനിപ്പിച്ച ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.