വാർത്തയ്ക്കായി മെസേജയച്ച മാധ്യമപ്രവർത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സ്മൈലി; കളക്ടർ ബ്രോ പ്രശാന്ത് നായരുടെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്

single-img
23 February 2021
prasanth nair whatsapp

തിരുവനന്തപുരം: വാര്‍ത്തയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന് ശ്രമിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്ത് നായര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള വാര്‍ത്ത തയ്യാറാക്കുന്നതിനുവേണ്ടി മാതൃഭൂമി പത്രത്തിലെ റിപ്പോര്‍ട്ടര്‍ കെപി പ്രവിത അയച്ച വാട്‌സ്ആപ്പ് സന്ദേശത്തോടാണ് പ്രശാന്ത് മോശമായ തരത്തില്‍ പ്രതികരിച്ചത്.

ഒരു വാര്‍ത്തയുടെ ആവശ്യത്തിന് വേണ്ടിയാണ് താന്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് സിനിമാ നടന്‍ സുനില്‍ സുഖദയുടെ ചിത്രമായിരുന്നു പ്രശാന്തിന്റെ മറുപടി. ഇത് ഒരു തമാശയായിക്കണ്ട് ചിരിക്കുന്ന സ്മൈലി തിരിച്ചയച്ച ശേഷം താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രതികരണമറിയാന്‍ വേണ്ടി മാത്രമാണെന്നും മാധ്യമ പ്രവര്‍ത്തക വിശദീകരിക്കുന്നുണ്ട്. എന്നാൽ സിനിമാനടി സീമ പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രത്തിന് മുകളിൽ “ഓ യാ“ എന്നെഴുതിയ ലൈംഗികച്ചുവയോടുകൂടിയ ചിത്രവും പരിഹാസവുമായിരുന്നു പ്രശാന്ത് തിരിച്ചയച്ചത്.

prasanth nair whatsapp

ഇതില്‍ പ്രകോപിതയായ മാധ്യമപ്രവര്‍ത്തക “എന്തുതരത്തിലുള്ള മറുപടിയാണിത്?” എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു നടിയുടെ ചിത്രം പ്രശാന്ത് അയച്ചു. “ഇത്തരം തരംതാഴ്ന്ന പ്രതികരണം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നും പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അധികാരികളോട് പരാതിപ്പെടു”മെന്നും പ്രവിത പ്രശാന്തിനോട് പറഞ്ഞു. ഇനി പ്രതികരണം ആവശ്യമില്ലെന്നും സ്ത്രീകളോട് പെരുമാറേണ്ടത് എങ്ങനെയാണെന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടതെന്നും പ്രവിത പറയുന്നു.

ഇതിനോട്, “വാര്‍ത്ത ചോര്‍ത്തിയെടുക്കുന്ന രീതി കൊള്ളാം” എന്നായിരുന്നു പ്രശാന്തിന്റെ മറുപടി. ചില മാധ്യമപ്രവർത്തകരെ ശവം തീനികൾ എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്നും പ്രശാന്ത് മറുപടി അയച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഒരു വനിതാ മാധ്യമപ്രവർത്തകയോട് പെരുമാറിയ സംഭവം വലിയ ചർച്ചയായിരിക്കുകകയാണ്. അതിനിടെ പ്രശാന്തിൻ്റെ ഫോണിൽ നിന്നും ചാറ്റ് ചെയ്തത് താനാണെന്നവകാശപ്പെട്ട് അദ്ദേഹത്തിൻ്റെ ഭാര്യ ലക്ഷ്മിയും രംഗത്തെത്തി.

Prasanth Nair IAS gets roasted on social media for his “Indecent” WhatsApp chat with a lady journo