ഇരുചക്രവാഹനത്തിൽ നിന്ന് താഴെ വീണത് ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല; കൊല്ലപ്പെട്ടത് പഞ്ചായത്ത് അംഗം; പ്രതികളെ തിരഞ്ഞ് പൊലീസ്

single-img
23 February 2021

തമിഴ്‌നാട് തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപം യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് നടക്കുന്ന കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പൊലീസ് കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.

ജില്ലയിൽ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലൂടെ രാവിലെ പോയവർ നടുറോഡിൽ കിടക്കുന്ന അറുത്തെടുത്ത ചോര ഉറ്റി വീഴുന്ന മനുഷ്യന്റെ തല കണ്ടു ഞെട്ടി. ഇരുചക്രവാഹനത്തിൽ പോയവരിൽ നിന്ന് താഴെ വീണതാണ് തലയെന്നറിഞ്ഞപ്പോൾ ഞെട്ടൽ വീണ്ടും കൂടി. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അന്വേഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് എന്ന 34 കാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിൽ നിന്നും പഞ്ചായത്ത് ഓഫിസിലേക്ക് ഇറങ്ങിയതായിരുന്നു രാജേഷ്.

കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

രാജേഷിന്റെ പേരിൽ കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം അടക്കം നിരവധി കേസുകളുണ്ട് കൂടാതെ പ്രദേശത്തെ ഗുണ്ടാസംഘത്തിൽ സജീവ അംഗവുമാണ് കൊല്ലപ്പെട്ട രാജേഷ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു. പിന്നീട് അണ്ണാ ഡിഎംകെയിൽ ചേരുകയായിരുന്നു. എന്നാൽ കൊലപാതകത്തിനു പിന്നിൽ ആരെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.