ജോര്‍ജ്ജുകുട്ടി ശരിക്കും ഒരു ‘ക്രിമിനല്‍ മൈന്‍റുള്ള’ ആളാണോ?

single-img
23 February 2021

.കെ അനില്‍ കുമാര്‍ ( ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

ദൃശ്യമെന്ന ജനപ്രിയ ചിത്രത്തിന്‍റെ തുടര്‍ഭാഗമായി ഒ.ടി.ടി റിലീസായ ദൃശ്യം 2 ന്‍റെ വിജയത്തോടെ കേന്ദ്ര കഥാപാത്രമായ ജോര്‍ജ്ജുകുട്ടിയുടെ കുശാഗ്രബുദ്ധിയും, അയാളുടെ ‘ക്രിമിനല്‍ മൈന്‍റുമൊക്കെ’ ഇപ്പോള്‍ സജീവ ചര്‍ച്ചയായിരിക്കുകയാണല്ലോ . ഇത്തരത്തില്‍ ‘ക്രൈം ത്രില്ലറുകള്‍’ പൊതുവില്‍ ചില വാക്കുകള്‍ പോപ്പുലറാക്കാറുണ്ട്. ഉദാഹരണത്തിന് ‘സൈക്കോ’ പോലുള്ള പദങ്ങള്‍. സിനിമയിലെ (ദൃശ്യം 2) തന്നെ മുരളി ഗോപിയുടെ പോലീസ് ഓഫീസര്‍ കഥാപാത്രം വിശേഷിപ്പിക്കുന്നത് ജോര്‍ജ്ജുകുട്ടി ഒരു ‘ക്ലാസിക് ക്രിമിനലിന്’ ഉദാഹരണമാണെന്നാണ്. എന്നാല്‍ ആ വിശേഷണം ജോര്‍ജ്കുട്ടിക്ക് ചേരുന്നതാണോ? വെറുതെ ആലോചിച്ചു.
കുടുംബത്തിന് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന, മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്ന ജോര്‍ജ്ജുകുട്ടിയെപ്പോലൊരാളെ ക്രിമിനല്‍ മൈന്‍റുള്ള ആളെന്ന്‍ എങ്ങിനെ വിശേഷിപ്പിക്കാനാവും?

ആകസ്മികമായി അയാളുടെ ജീവിതത്തില്‍ സംഭവിച്ച, തന്‍റെ കുടുംബം ഉള്‍പെട്ട ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായിപ്പോയി. അത് ഒളിപ്പിച്ച് വച്ചു. നിയമത്തിന്‍റെ മുന്നില്‍ അത് കുറ്റമാണ്. എന്നാല്‍ അതൊരിക്കലും അയാളോ കുടുംബമോ കരുതിക്കൂട്ടി ചെയ്തതല്ല. എങ്കിലും എന്നെങ്കിലും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെ അതിനെ നേരിടാന്‍, ബുദ്ധിമാനായ ജോര്‍ജ്ജുകുട്ടി കൂടുതല്‍ കൌശലങ്ങള്‍ മെനയുന്നതും, തന്‍റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുകയെന്ന നിശ്ചയദാര്‍ഢൃവും അയാളുടെ കുടുംബത്തോടുള്ള അളവറ്റ സ്നേഹമല്ലെ കാണിക്കുന്നത്? ആ ഒരു സംഭവം ഒഴിച്ചു നിര്‍ത്തിയാല്‍ കുറ്റകൃത്യവാസന തെളിയുക്കുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതായുള്ള മുന്‍ ചരിത്രം അയാള്‍ക്കുള്ളതായി പറയുന്നില്ല.

എന്നിട്ടും അയാളെ ‘ക്രിമിനല്‍ മൈന്‍റുള്ള ആളെന്ന്’ വിശേഷിപ്പിക്കുന്നത് ശെരിക്കും കുറ്റകൃത്യ വാസനയുള്ള വ്യക്തികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് കാര്യമായ ധാരണ ഇല്ലാത്തതുകൊണ്ടാവാം. ‘ക്രിമിനല്‍ മൈന്‍റെന്ന്’ നമ്മള്‍ പൊതുവില്‍ വിശേഷിപ്പിക്കുന്ന സാമുഹികവിരുദ്ധ മനോഭാവമുള്ളവരുടെ വ്യക്തിത്ത്വത്തില്‍ (Antisocial Personality) താഴെപ്പറയുന്ന പ്രത്യേകതകള്‍ കാണാം.

ഒന്നാമതായി, പൊതുവായ സാമൂഹിക നിയമങ്ങള്‍ പാലിക്കുന്നതിലും നിലവിലുള്ള നിയമ വ്യവസ്ഥയെ അനുസരിക്കുന്നതിലും നിരന്തരം പിഴവ് വരുത്താനുള പ്രവണത. എന്നുവച്ചാല്‍ നിരന്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.

കുടില ബുദ്ധി (Deceitfulness), അതായത് സ്വന്തം സുഖങ്ങള്‍ക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി മറ്റുള്ളവരെ കൌശലപൂര്‍വ്വം സ്വാധീനിക്കാനും ചതിക്കാനും മടികാണിക്കാതിരിക്കുക.

മുന്‍കോപം, അക്രമ വാസന- തത്ഫലമായി അടിക്കടിയുള്ള കായികമായ ഏറ്റുമുട്ടലുകളിലും അക്രമങ്ങളിലും ഏര്‍പ്പെടുക.

സ്വന്തം സേഫ്റ്റിയെ കുറിച്ചോ അല്ലങ്കില്‍ കൂടെയുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചോ ചിന്തിക്കാതെയുള്ള എടുത്തുചാട്ടം.

ഉത്തരവാദിത്ത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനുള്ള കഴിവില്ലായ്മ. ഉദാഹരണത്തിന് ഒരു ജോലിയില്‍ ഉറച്ച് നിലക്കാനോ, വിശ്വസ്തതയോടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനോ സാധിക്കാതിരിക്കുക.

താന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ലവലേശം കുറ്റബോധമില്ലാതിരിക്കുക. കൂടാതെ തന്‍റെ ദു:ഷ്ചെയ്തികളെയൊക്കെ ഒരു കൂസലും കൂടാതെ ന്യായികരിക്കുക.

ഇങ്ങനെ പോകുന്നു ഒരു ‘ക്ലാസിക് സാമുഹിക വിരുദ്ധ മനോഭാവക്കാരന്‍റെ സവിശേഷതകള്‍’.
എന്നാല്‍ ജോര്‍ജുകുട്ടിയില്‍ ഈ പറഞ്ഞ ഏതെങ്കിലും സ്വഭാവ സവിശേഷതകള്‍ ഉള്ളതായി കാണുന്നില്ല. അയാള്‍ ഒരു എടുത്ത് ചാട്ടക്കാരനോ മുന്‍കോപിയോ അല്ല. അക്രമവാസനയുടെ മുന്‍ ചരിത്രങ്ങള്‍ ഒന്നും തന്നെ അയാള്‍ക്കില്ല.

സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ആരെയും പറ്റിക്കണമെന്ന മനോഭാവമോ, വരും വരാഴികകള്‍ നോക്കാതെ കൂടയുള്ളവരെ അപകടത്തിലാക്കുന്ന തരത്തില്‍ ഒന്നിലും എടുത്ത് ചാടുന്ന ആളോ അല്ല.


മാത്രവുമല്ല അയാള്‍ മാന്യമായി തൊഴില്‍ ചെയ്ത് കുടുംബത്തിന്‍റെ ഉത്തര വാദിത്ത്വങ്ങളൊക്കെ (ഈ അടുത്തിടെ അല്പം മദ്യപാനം തുടങ്ങിയിട്ടുണ്ടന്നതും സിനിമ പിടിക്കാന്‍ നടക്കുന്നു എന്നുമുള്ള ഭാര്യയുടെ പരാതി ഒഴിച്ചാല്‍) കൃത്യമായി നിറവേറ്റുന്ന അച്ചടക്കമുള്ള ഒരു കുടുംബസ്ഥനാണ്.

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്. അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമിനല്‍ മൈന്‍റുള്ള ആളെന്നൊക്കെ വിശേഷിപ്പിക്കാമോ?. അടിസ്ഥാന വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത അതി ബുദ്ധിമാനും ഭാവനാ സമ്പന്നനും സര്‍വ്വോപരി സിനിമാ പ്രേമിയുമൊക്കെയായ ജോര്‍ജുകുട്ടിക്ക് കൃത്യമായ ഡയറക്ഷന്‍ കിട്ടിയിരുന്നെങ്കില്‍ ഇന്ന്‍ ആരെങ്കിലുമൊക്കെ ആയി തീര്‍ന്നേനെ.