രാഹുലിന്റെ വയനാട്ടിലെ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ശോഭ സുരേന്ദ്രന്‍

single-img
22 February 2021

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടര്‍ റാലിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മന്‍മോഹന്‍ സര്‍ക്കാരിനെതിരെ 2009-ല്‍ കര്‍ഷകര്‍ സമരം നടത്തിയ കാലത്തില്ലാത്ത പ്രതിഷേധം ഇപ്പോള്‍ താങ്ങുവില ഉയര്‍ത്തുകയും, കര്‍ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, എപിഎംസി -കള്‍ നിര്‍ത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത മോദി സര്‍ക്കാരിനെതിരെ നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണ്. ഇത് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കണമെന്ന് ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പരിഹസിച്ചു.

രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തിൽ പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് രമേശ് ചെന്നിത്തലയെങ്കിലും രാഹുൽ ഗാന്ധിയെ ഉണർത്തിക്കണമെന്നും ശോഭാ സുരേന്ദ്രൻ എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണരൂപം:

രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തിൽ പ്രോത്സാഹനസമ്മാനം പോലും കിട്ടാൻ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് രമേശ് ചെന്നിത്തലയെങ്കിലും രാഹുൽ ഗാന്ധിയെ ഉണർത്തിക്കണം.

പട്ടയം കിട്ടാത്തത് മുതൽ പട്ടിണി മാറാത്തത് വരെയുള്ള കാരണം കൊണ്ട് കഴിഞ്ഞ ഒന്നരവർഷം നിരവധി മനുഷ്യർ ആത്മഹത്യ ചെയ്ത മണ്ഡലമാണ് വയനാട് എന്ന് ടിയാനെ ബോധിപ്പിക്കണം.

സ്വകാര്യ കമ്പനികൾക്ക് കാർഷിക മേഖല തീറെഴുതി കൊടുത്ത മൻമോഹൻ സിങ്ങിന്റെ പാവ സർക്കാരിനെതിരെ 2009 ഓഗസ്റ്റിൽ കർഷകർ ജന്തർ മന്തറിൽ നടത്തിയ സമരം രാഹുലിന് ഓർമ്മയുണ്ടാകണമെന്നില്ല. പാർലമെന്റിലെ രാഹുലിന്റെ നിദ്രാപൂർണ്ണമായ പ്രവർത്തനം ദേശിയ മാധ്യമങ്ങൾ ക്യാമറയിൽ ഒപ്പിയിട്ടുള്ളതാണല്ലോ. അന്നില്ലാത്ത പ്രതിഷേധം താങ്ങുവില നിരന്തരം ഉയർത്തുകയും, കർഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, APMC കൾ നിർത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത നരേന്ദ്ര മോദി സർക്കാരിനെതിരെ ട്രാക്ടറോടിച്ച് നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണെന്ന് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോൺഗ്രസുകാർ അദ്ദേഹത്തെ ഓർമിപ്പിക്കണം.

ഇത്രയും പറഞ്ഞ് കഴിഞ്ഞിട്ട് ശംഖുമുഖം കടപ്പുറത്ത് നാളെ പ്രസംഗിക്കാൻ വേദിയൊരുക്കുമ്പോൾ കടല് ചൂണ്ടിക്കാട്ടി ഇനി ഓടിയൊളിക്കാൻ മറ്റൊരു സ്ഥലമില്ല എന്നുകൂടി പറഞ്ഞ് മനസ്സിലാക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രമെങ്കിലും പഠിക്കട്ടെ.