നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി മാണി സി കാപ്പന്‍

single-img
22 February 2021

എന്‍സിപി വിട്ട് യുഡിഎഫില്‍ ചേക്കേറിയ മാണി സി കാപ്പന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. നിലവില്‍ മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്.

ബാബു കാര്‍ത്തികേയനെ സംസ്ഥാനത്തെ വര്‍ക്കിങ് പ്രസിഡന്റായും തുടക്കത്തില്‍ തെരഞ്ഞെടുത്തു. സുല്‍ഫിക്കര്‍ മയൂരി, പി.ഗോപിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സിബി തോമസാണ് ട്രഷറര്‍.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പായി തങ്ങളെ ഘടക കക്ഷിയാക്കാന്‍ കാപ്പന്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടു. ഇതിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ 3 സീറ്റ് ചോദിക്കാനാണ് നീക്കം.

മുന്നോട്ടുള്ള കാലം ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി എന്‍സികെ മുന്നോട്ടുപോകുമെന്ന് കാപ്പന്‍ അറിയിച്ചു. എന്‍സിപി വിട്ടെങ്കിലും താന്‍ ഒരിക്കലും കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോവുമെന്നും മാണി സി കാപ്പന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.