കൊല നടത്താൻ എത്തിയവരാണ് കൊലപാതകത്തിനിരയായതെന്ന് ഫോറൻസിക് റിപ്പോർട്ട്; വെഞ്ഞാറമൂട് ഇരട്ടക്കൊല പോലീസിന്റെ കുറ്റപത്രം തളളി ഫോറൻസിക്

single-img
22 February 2021

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം പോലീസിന്റെ കുറ്റപത്രം തളളി ഫോറൻസിക് റിപ്പോർട്ട്. ഇരട്ടക്കൊലക്കുപിന്നിൽ പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന പോലീസിന്റെ കുറ്റപത്രമാണ് ഫോറൻസിക് തളളിയത്. രണ്ടു സംഘങ്ങൾ തമ്മിലുളള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലയ്‌ക്ക് പിന്നിൽ രാഷ്ട്രീയ വൈരമുണ്ടെന്ന പൊലീസ് കുറ്റപത്രത്തെ പൂർണമായും തളളിക്കളയുന്നതാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ട്.

കൊല നടത്താൻ എത്തിയവരാണ് കൊലപാതകത്തിനിരയായതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എതിർ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. കൃത്യം നടത്താനായി ഇവർ ഗൂഢാലോചന നടത്തി. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും ഫോറൻസിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കൊല്ലപ്പെട്ടവരുടെയും പ്രതിപ്പട്ടികയിലുളളവരുടെയും ഫോൺ സംഭാഷണങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ എന്നിവരെ കുറിച്ചൊന്നും പരാമർശിച്ചിട്ടില്ല. പ്രതികളുടെ മൊബൈൽ ഫോണുകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണ് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിൽ വച്ച് കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് ബൈക്കിൽ പോവുകയായിരുന്ന ഡി വൈ എഫ്‌ ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ കൊല്ലപ്പെട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. കൊലപാതകം, ഗൂഢാലോചന ഉൾപ്പടെ 11 വകുപ്പുകൾ ചുമത്തി ഒമ്പത് പേരെ പ്രതികളാക്കിയാണ് വെഞ്ഞാറമൂട് പൊലീസ് കുറ്റപത്രം നൽകിയത്. കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.