സ്പീക്കർ നടത്തിയത് 11 വിദേശ യാത്രകളാണെന്ന് ഓഫിസ്; എന്നാൽ ദുബായിൽ മാത്രം എത്തിയത് 21 തവണയെന്ന് വിവരാവകാശ രേഖ

single-img
22 February 2021

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളുടെ കണക്കില്‍ അടിമുടി അവ്യക്തത. ആകെ പതിനൊന്നു വിദേശയാത്രകൾ മാത്രമെന്ന് സ്പീക്കറുടെ ഓഫീസ് എണ്ണമിട്ടു പറയുമ്പോള്‍, സ്പീക്കര്‍ ദുബായില്‍ മാത്രം ഇരുപത്തിയൊന്ന് തവണ എത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി.    

വിവരാവകാശ അപേക്ഷയ്ക്ക് പി.ശ്രീരാമകൃഷ്ണന്റെ ഓഫിസ് നല്‍കിയ മറുപടിയനുസരിച്ച് പി.ശ്രീരാമകൃഷ്ണൻ 2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം ഒന്‍പതു തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നു. ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയും. വിദേശത്ത് പങ്കെടുത്ത ഓരോ പരിപാടിയെക്കുറിച്ചും ഇതിലുണ്ട്. മൊത്തം പതിനൊന്ന് തവണ വിദേശയാത്ര നടത്തിയതിൽ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയില്‍ നിന്ന് ചെലവാക്കിയെന്നുംവരെ കൃത്യമായി വിശദീകരിക്കുന്നു.

എന്നാല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചോദിക്കുമ്പാഴാണ് ഈ കണക്കിലെങ്ങുമില്ലാത്ത യാത്രകളുടെ വിവരങ്ങള്‍ കാണുന്നത്. അവിടെ നിന്നുള്ള കണക്കുപ്രകാരം സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയത് ഇരുപത്തിയൊന്നു തവണ. ഇതില്‍ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഇറങ്ങിയതാണെന്നും വിവരാവകാശ രേഖ പറയുന്നു.  4 യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചിലവിനെക്കുറിച്ച് വിശദീകരണമില്ല

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങള്‍‌ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചിരുന്നതായി വിവരമുണ്ട്.