ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളം: യോഗിക്ക് വിജയരാഘവൻ്റെ മറുപടി

single-img
22 February 2021
a vijayaraghavan yogi adityanath

കേരളത്തിൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുന്നില്ലെന്ന് പ്രസംഗിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലവ് ജിഹാദ് എന്നൊന്നില്ലെന്നും സംഘപരിവാറിന്റെ പ്രചരണായുധമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ലൗ ജിഹാദ് പോലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സംസ്ഥാനമല്ല കേരളമെന്ന് വിജയരാഘവന്‍ പറഞ്ഞു. ലൗ ജിഹാദ് എന്ന പ്രയോഗം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിശേഷിച്ച് മുസ്ലീം മത വിഭാഗത്തെ വേട്ടയാടാനും അക്രമിക്കാനുമാണ് പ്രചരിപ്പിക്കുന്നത്. ദുര്‍വിനിയോഗം ചെയ്യുന്നത്. ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ല, അത് കെട്ടിച്ചമച്ചതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.

“യോഗിയുടെ ഉത്തര്‍പ്രദേശ് എന്ന് പറഞ്ഞാല്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ്. പശുവിന്റെ പേരില്‍ ദളിതരെ ആക്രമിക്കുക മുസ്ലീം ജനവിഭാഗങ്ങളെ പരസ്യമായി തെരുവിലിട്ട് തല്ലി കൊല്ലുക. അതൊന്നും കേരളത്തില്‍ പറ്റില്ലെന്ന് ഒഴിവുള്ളപ്പോള്‍ ബിജെപി നേതാക്കള്‍ യോഗിക്ക് പറഞ്ഞുകൊടുക്കണം.”

വിജയരാഘവൻ പറഞ്ഞു.

ലൗ ജിഹാദ് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണ്. അത് തടയാന്‍ എന്നപേരില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തി. ഇത്തരം കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം എന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പൗരത്വഭേദഗതി നിയമത്തിലും മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ സാമ്പത്തിക നയങ്ങളിലെ വൈകല്യം ജനങ്ങള്‍ അനുഭവിക്കുകയാണ്. പെട്രോള്‍ വില 100 കവിഞ്ഞു. നോട്ട് നിരോധനം, ജിഎസ്ടി നടപ്പിലാക്കുന്നത് ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി. ചരിത്രത്തിലിതുവരെ ഇല്ലാത്ത തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യ അനുഭവിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങളെകുറിച്ച് സംസാരിക്കാതെയാണ് ബിജെപി നേതാക്കള്‍ ലൗജിഹാദ് പോലുള്ള ഇല്ലാത്ത കാര്യങ്ങളെകുറിച്ച് സംസാരിക്കുന്നത്.”

വിജയരാഘവൻ പറഞ്ഞു.

ലൗ ജിഹാദ് തടയാന്‍ കേരളം നടപടിയെടുത്തില്ലെന്നും തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നുമായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചത്. കാസര്‍കോട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നീതിപീഠം കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ അതിനെ നിയന്ത്രിക്കുന്നതിനുളള നടപടികളോ നിയമനിര്‍മാണമോ നടത്തിയില്ലെന്നും യോഗി ആരോപിച്ചു.

Draconian laws like “Anti Love Jihad Law” has no place in Kerala: A Vijayaraghavan to Yogi Adityanath