പക്ഷിപ്പനി മനുഷ്യനിലേക്കും; റഷ്യയിൽ ഏഴു പേർക്ക് വൈറസ് ബാധ കണ്ടെത്തി

single-img
21 February 2021

ലോകത്താദ്യമായി മനുഷ്യനിൽ പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഫ്ലുവിന്റെ എച്ച്5എൻ8 വകഭേദം കണ്ടെത്തി. റഷ്യയിലെ ഒരു കോഴിഫാമിലെ ജീവനക്കാരിലാണ് പക്ഷിപ്പനിയുടെ ജനിതകഘടനകൾ കണ്ടെത്തിയത്. വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും റഷ്യ വ്യക്തമാക്കി.

തെക്കൻ റഷ്യയിലെ ഒരു കോഴിഫാമിലെ ഏഴ് ജീവനക്കാരിലാണ് പക്ഷിപ്പനിയുടെ ജനിതകഘടനകൾ കണ്ടെത്തിയതെന്ന് റഷ്യയിലെ ആരോഗ്യ നിരീക്ഷകരായ റോസ്പോട്രെബ്നാഡ്‌സർ മേധാവി അന്ന പോപോവ പറഞ്ഞു. ജീവനക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. ഫാമിലെ കോഴിയിറച്ചികളിൽനിന്നാണു വൈറസ് പിടിപെട്ടതെന്നു കരുതുന്നു.

ഡിസംബറിൽ പക്ഷികൾക്കിടയിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, മൃഗങ്ങളുമായോ മലിനമായ ചുറ്റുപാടുകളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ആളുകൾ സാധാരണയായി രോഗബാധിതരാകുന്നത്. മനുഷ്യർക്കിടയിൽ സ്ഥിരമായ സംക്രമണം ഇല്ല. 60 ശതമാനമാണ് മരണനിരക്ക്.