ഉത്തരേന്ത്യയില്‍ ബിജെപി പടര്‍ന്നു കയറി മുന്നോട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു: പരിഹസിച്ച് എ വിജയരാഘവൻ

single-img
21 February 2021
A Vijayaraghavan  Rahul Gandhi

രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി എ വിജയരാഘവൻ (A Vijayaraghavan). ഉത്തരേന്ത്യയില്‍ ബിജെപി പടര്‍ന്നു കയറി മുന്നോട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നുവെന്നും ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള സൗകര്യമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനായില്ലെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയുടെ വേഗത കൂട്ടാന്‍ കാരണമായെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങളെ പറ്റി യുഡിഎഫ് പറയുകയുണ്ടായി. അയാള്‍ പ്രധാനമന്ത്രിയായാല്‍ വരുത്തുന്ന മാറ്റങ്ങളെകുറിച്ചും പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രി ആയി കഴിഞ്ഞുവെന്നും പ്രചരിപ്പിച്ചു. അദ്ദേഹം ഇങ്ങോട്ട് പോന്നപ്പോഴാണ് ബിജെപിക്ക് സ്വൈര്യം കിട്ടിയത്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള സൗകര്യമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്നും വിജയരാഘവൻ ആരോപിച്ചു.

“ആ ഉത്തരേന്ത്യയില്‍ ബിജെപി പടര്‍ന്നു കയറി മുന്നോട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു. കേരളത്തില്‍ വന്ന നോമിനേഷന്‍ കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളര്‍ച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷെ പ്രതിപക്ഷ നേതാവ് പോലും ആകാന്‍ കഴിഞ്ഞില്ല. അതിനുള്ള സീറ്റ് പോലും കിട്ടിയില്ല. സ്വയം പരാജിതനാവുകയായിരുന്നു.” വിജയരാഘവന്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി സര്‍ക്കാര്‍ കരാറുണ്ടെക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണവും വിജയരാഘവന്‍ തള്ളി. എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്നാണ് വിജയരാഘവന്റെ പ്രതികരണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിശ്വാസ്യത വേണമെന്ന് രമേശ് ചെന്നിത്തലക്ക് നിര്‍ബന്ധമില്ല. പ്രളയ കാലത്തും കൊവിഡ് കാലത്തും അദ്ദേഹം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴും അത് തുടരുന്നേയുള്ളൂവെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

A Vijayaraghavan slams Congress and Rahul Gandhi