ബിജെപിയില്‍ പോയത് തെറ്റായി; സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം: കൊല്ലം തുളസി

single-img
20 February 2021

രാഷ്ട്രീയ പ്രവേശനത്തില്‍ ബിജെപിയില്‍ പോകാനെടുത്ത തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. നിലവില്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എന്നെ പിന്തുണച്ചില്ല.കേരളത്തിലെ ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല.

ആ കാര്യത്തില്‍ വലിയ വിഷമമുണ്ട്. താന്‍ ഇപ്പോള്‍ ആ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്നും കൊല്ലം തുളസി പ്രതികരിച്ചു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാന്‍ ഇനിയും വലിയ താല്‍പര്യമുണ്ട്. സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി അറിയിച്ചു.

നേരത്തെ ശബരില യുവതീ പ്രവേശന വിധിയേത്തുടര്‍ന്നുണ്ടായ സമരങ്ങള്‍ക്കിടെ കൊല്ലം തുളസി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സുപ്രീം കോടതി വിധി പ്രകാരം ശബരിമലയില്‍ വരുന്ന യുവതികളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഇട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്തിരുന്നു.