ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ സുരേന്ദ്രൻ

single-img
20 February 2021

രാജ്യമാകെയുള്ള പെട്രോൾ വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്.

ഈ രീതിയില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . മനസാക്ഷിയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെട്രോൾ വില പത്തു രൂപയെങ്കിലും കുറയ്ക്കണം എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് തയ്യാറാണോയെന്ന് കെ സുരേന്ദ്രൻ വെല്ലുവിളിച്ചു.ഇപ്പോള്‍ സബ്‌സിഡിയില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് വിലവര്‍ദ്ധനവ് ഉണ്ടായിട്ടില്ല.

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വര്‍ദ്ധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല. പെട്രോള്‍ അടിക്കാ… കാശ് വാങ്ങാ. ഡീസല്‍ അടിക്കാ കാശ് വാങ്ങാ.. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്- സുരേന്ദ്രന്‍ പറഞ്ഞു.