ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നാലരയ്ക്ക്; കത്തുമായി സർക്കാർ ഉദ്യോഗസ്ഥര്‍

single-img
20 February 2021

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്‍സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്‍റെ കത്ത്. സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച ഇന്നു വൈകിട്ട് നാലരയ്ക്ക് നടക്കും. കത്തുമായി സർക്കാർ ഉദ്യോഗസ്ഥൻ എത്തിയെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയാ രാജേഷ് പറഞ്ഞു.

ഹോം സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസും എ.ഡി.ജി.പി. മനോജ് എബ്രഹാമും ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കും. സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത് 

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്‍റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. 13 ആം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്‍റെ പ്രതിഷേധം. മന്ത്രിതല ചർച്ചയാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. ചർച്ച വേണ്ട എന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ട എന്ന് പാർട്ടി നിർദേശിച്ചിരുന്നു. ചർച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവർണറും ആവശ്യപ്പെട്ടതായാണ് സൂചന. ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്തതടക്കം സർക്കാർ കൈകൊണ്ട നടപടികൾ ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്താനാണ് തീരുമാനം. ഉപാധികളില്ലാതെ സർക്കാർ ചർച്ച നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യം. എന്നാൽ, സർക്കാർ ചർച്ചക്ക് ഒരുങ്ങുമ്പോഴും വ്യക്തമായ ഫോർമുലയില്ല. കൂടുതലൊന്നും ചെയ്യാനില്ലെന്ന വാദമാകും സർക്കാർ ചർച്ചയിലും അറിയിക്കുക