ഈ സിനിമയ്ക്ക് വേണ്ടി റോഡിലിറങ്ങി ഭിക്ഷ യാചിക്കാനും തയ്യാറെന്ന് അലി അക്ബർ

single-img
20 February 2021
Ali Akbar Mamadharma അലി അക്ബർ മമധർമ്മ

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന തൻ്റെ സിനിമയുടെ പൂർത്തീകരണത്തിനായി റോഡിലിറങ്ങി ഭിക്ഷയാചിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്ന് സംവിധായകൻ അലി അക്ബർ(Ali Akbar). സിനിമയുടെ ചിത്രീകരണം ഇന്നുമുതൽ ആരംഭിക്കുമെന്നറിയിക്കാൻ ഇന്നലെ രാത്രി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലായിരുന്നു അലി അക്ബർ ഇപ്രകാരം പറഞ്ഞത്.

സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും അലി അക്ബർ വ്യക്തമാക്കി. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനാേ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നു. ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചിട്ടില്ല. പക്ഷേ ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും വരെ തയ്യാറാണെന്നും അലി അക്ബര്‍ പറഞ്ഞു.

“ആരോടും പകയില്ല. പകയുള്ളത് ഭീകരവാദത്തോടും മതഭ്രാന്തിനോടുമാണ്. മതഭ്രാന്ത് അനുവദിച്ചുകൊടുക്കാൻ കഴിയില്ല. എനിക്കെൻ്റെ വിശ്വാസം, നിനക്ക് നിൻ്റെ വിശ്വാസം..അത് ആചരിക്കുക. അന്യൻ്റെ വിശ്വാസത്തിലേയ്ക്ക് വിരൽ ചൂണ്ടിയാൽ അത് വെട്ടിയെടുക്കാൻ മടിക്കരുത്. അന്യൻ്റെ വിശ്വാസത്തെ ചോദ്യം ചെയ്യരുത്. അന്യൻ്റെ വിശ്വാസത്തെ തച്ചുടച്ച് അവനെ നമ്മുടെ വിശ്വാസത്തിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുകയുമരുത്. അതാണ് നമ്മുടെ സിനിമ.”

അലി അക്ബർ പറഞ്ഞു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും വയനാട്ടില്‍ എത്തിയെന്ന് അലി അക്ബർ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെ ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ ജൂണ്‍ 26ന് വായുവില്‍ നിന്നും തുടങ്ങിയ സിനിമ ഇന്ന് ഷൂട്ട് തുടങ്ങുന്നതോടെ യഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടുപിടിയിലേക്ക് കയറുകയാണെന്നും അലി അക്ബര്‍ പറഞ്ഞു. 30 ദിവസം നീണ്ടതാണ് വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് അലി അക്ബർ നേരത്തെ അറിയിച്ചിരുന്നു.

Film shooting commenced; Ready to beg on the streets for it: Ali Akbar