നിന്‍റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും; കെ കുഞ്ഞിരാമന്‍ എംഎൽഎക്കെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്

single-img
19 February 2021

കാസര്‍കോട് ജില്ലയിലെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ കൊലവിളിയുമായി യൂത്ത് കോൺഗ്രസ്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരയായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ ആയിരുന്നു കൊലവിളി മുദ്രാവാക്യം.

ഇതില്‍ കുഞ്ഞിരാമൻ എംഎൽഎയുടെ പേരെടുത്ത് പറഞ്ഞാണ് നിന്നെ ഞങ്ങൾ തീർത്തീടും എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. ‘നിന്‍റെ നാളുകൾ എണ്ണപ്പെട്ടു, നിന്നെ ഞങ്ങൾ തീർത്തീടും. എന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍ സംഭവത്തിൽ പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. തങ്ങള്‍ക്ക് കൊലവിളിയുമായി ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ പ്രതികരിച്ചു.

ഈ മാസം 17ന് പെരിയ കല്യോട്ട് നടന്ന പ്രകടനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലവിളി നടത്തിയത്. കെ കുഞ്ഞിരാമൻ എംഎൽഎയ്ക്ക് പുറമെ ഈ കേസിലെ ഒന്നാംപ്രതിയും മുൻ സിപിഎം നേതാവുമായ പീതാംബരനെതിരെയുമാണ് ഭീഷണി മുഴക്കിയത്.