പിഎസ്‌സി സമരം സര്‍ക്കാരിന് തിരിച്ചടിയാവില്ല; ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് വെള്ളാപ്പള്ളി

single-img
19 February 2021
Vellappally Natesan

ഇടത് സർക്കാരിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). പിഎസ്‌സി സമരം സര്‍ക്കാരിന് തിരിച്ചടിയാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാധാരണക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ സാധാരണക്കാര്‍ക്ക് എന്ത് കിട്ടി എന്ന് വിലയിരുത്തണം. ജനക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്ന് മനസിലാക്കിയില്ല. ഇതെല്ലാം ജനങ്ങളെ സംബന്ധിച്ചിടത്തോളം അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസ്, മുസ്ലീം ലീഗ് എന്നിവര്‍ ചേര്‍ന്നാണ് യുഡിഎഫിനെ നയിച്ചത്. ഇതാണ് അഞ്ച് വര്‍ഷം യുഡിഎഫിനെ ജനങ്ങള്‍ പടിക്ക് പുറത്ത് നിര്‍ത്തിയത്. കോണ്‍ഗ്രസ് എടുത്ത തീരുമാനം തെറ്റായെന്ന് അവര്‍ക്ക് തോന്നിയതിനാലാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തന്നെ കാണാന്‍ വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി നിലപാട് എടുത്തിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞ് സാമൂഹിക നീതി പാലിച്ചോ എന്നുനോക്കി നിലപാട് സ്വീകരിക്കും. മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കിയ സിപിഐ നിലപാട് ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിജെപിയുടെ വായിലെ ചോക്ലേറ്റ് ആവാതെ ബിഡിജെഎസ് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസിന് നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു.

മാണി സി കാപ്പന്‍ പാലാ സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ അനിയന് സീറ്റ് നല്‍കുന്നത് ശരിയല്ല. കുട്ടനാട് സിപിഐഎം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടില്‍ എന്ത് കൊണ്ട് മതേതരത്വം നടപ്പാക്കുന്നില്ല? തോമസ്‌ ചാണ്ടിയോട് തനിക്ക് സ്‌നേഹം മാത്രമാണ്. പക്ഷേ അദ്ദേഹത്തിന്റെ ബാഗ് പിടിച്ച് നടന്ന സഹോദരന് ആ സീറ്റ് കൊടുക്കുന്നതില്‍ നീതിയില്ല. എന്ത് കൊണ്ട് ക്രിസ്ത്യന്‍ വിഭാഗത്തിന് മാത്രം കുട്ടനാട് നല്‍കുന്നെന്നും അദ്ദേഹം ചോദിച്ചു.

ഇവിടെ മതേതരത്വം ഇല്ല. വിശ്വാസികളാണ് ഭൂരിഭാഗവും. അത് സിപിഐഎം മനസിലാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

LDF will win again: Vellappally Natesan