രഞ്ജൻ ഗോഗോയിയ്ക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയെന്ന് സുപ്രീം കോടതി

single-img
18 February 2021
ranjan gogoi

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. റിട്ടയേര്‍ഡ് ജസ്റ്റിസ് എകെ പട്നായിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വിഷയത്തില്‍ തുടരന്വേഷണം വേണ്ടെന്ന് തീരുമാനിച്ച കോടതി ഗൂഢാലോചന കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. നിലവിൽ അസമിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപിയാണ് രഞ്ജൻ ഗോഗോയി.

ഗൂഢാലോചന സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നതില്‍ ഒരു വ്യക്തതയും വരുത്താതെയാണ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തിന്മേലുള്ള നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ഭരണതലത്തിലും ജുഡീഷ്യല്‍ തലത്തിലും സ്വീകരിച്ച കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ജസ്റ്റിസ് എ.കെ പട്നായികിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി അറിയിച്ചു.

അസമിൽ എന്‍ആര്‍സി വിഷയത്തില്‍ ജസ്റ്റിസ് ഗൊഗോയി സ്വീകരിച്ച “കര്‍ശന നിലപാട്” നിരവധി പേര്‍ക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെ കത്തും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഇലക്ട്രോണിക്സ് തെളിവുകള്‍ ഉള്‍പ്പടെ പരിശോധിക്കാന്‍ പട്നായിക്ക് സമിതിക്ക് കഴിഞ്ഞിട്ടില്ല.

അസമിലെ പൗരത്വ രജിസ്റ്റർ ഈ കാലത്തിൻ്റെ രേഖയല്ലെന്നും ഭാവിയിലേക്കുള്ള അടിസ്ഥാന രേഖയാണെന്നും രഞ്ജാൻ ഗോഗോയി ഒരു പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് പറഞ്ഞത് വിവാദമായിരുന്നു. പൗരത്വം നഷ്ടപ്പെടുന്നത് 19 ലക്ഷം പേർക്കാണോ നാൽപ്പത് ലക്ഷം പേർക്കാണോ എന്നത് പ്രധാനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോപണം ഉന്നയിക്കപ്പെട്ട് രണ്ട് വര്‍ഷം കഴിഞ്ഞു എന്നതുകൂടി പരിശോധിക്കുമ്പോള്‍ വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഗൂഢാലോചനക്കേസ് അവസാനിപ്പിക്കാനും എ.കെ പട്നായിക്കിന്‍റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു.

Conspiracy to level sexual harassment charges against then CJI Gogoi can’t be ruled out: SC