ഇന്ധനവിലവർദ്ധനവിന് കാരണം മുൻ സർക്കാരുകളെന്ന് പ്രധാനമന്ത്രി

single-img
18 February 2021
narendra modi fuel price

ഇന്ധനവില കുതിച്ചുയരുന്നതിന് മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന മുന്‍ സര്‍ക്കാരുകളുടെ ശൈലിയാണ് ഇന്ധനവിലയ്ക്ക് കാരണമാകുന്നതെന്ന് മോദി പറഞ്ഞു. രാജസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നതോടെയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന.

 ഊര്‍ജ്ജത്തിനായി ഇന്ത്യയ്ക്ക് ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതാണ് ഇപ്പോള്‍ മധ്യവര്‍ഗത്തിലുള്ള കുടുംബങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാവുന്ന മാറ്റം രാജ്യത്തെ ഇന്ധനവിലയേയും സാരമായി ബാധിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇത്രയും വൈവിധ്യമുള്ള ഒരു രാജ്യത്തിന് ഊര്‍ജ്ജ സംബന്ധിയായി ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. താനാരെയും പഴിക്കുന്നില്ല. എങ്കിലും ഈ വിഷയം നേരത്തെ പരിഗണിച്ചിരുന്നുവെങ്കില്‍ മധ്യവര്‍ഗത്തിലുള്ളവര്‍ ഇപ്പോള്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

മധ്യവര്‍ഗ്ഗത്തിലെ കുടുംബങ്ങളേയാണ് സര്‍ക്കാര്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇതിനാലാണ് എഥനോളിന്‍റെ സാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി വിശദമാക്കുന്നു. കരിമ്പില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കുന്നത് കര്‍ഷകര്‍ക്ക് വരുമാനത്തിനുള്ള അവസരമാണ് ഒരുക്കുന്നത്. പുനരുപയോഗിക്കാനുന്ന രീതിയിലുള്ള ഊര്‍ജ്ജ ഉല്‍പാദനത്തിനാണ് ഇത്തരത്തില്‍ പരിഗണന നല്‍കേണ്ടതുണ്ട്. പൊതുഗതാഗതം കൂടുതലായി ആശ്രയിക്കുന്നതും എല്‍ ഇഡി ബല്‍ബുകള്‍, സൌരോര്‍ജ്ജം എന്നിവയ്ക്കെല്ലാം കൂടുതല്‍ പരിഗണന വേണം. 

തുടർച്ചയായി പതിനൊന്നാം ദിവസവും പെട്രോൾ-ഡീസൽ വില കൂടിയത് വലിയ വിമർശനങ്ങൾക്ക്. കൂടുന്ന ഇന്ധനവിലയുടെ പരമാവധി നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ നികുതി കൂട്ടുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. റീട്ടെയില്‍ വില്‍പന വിലയുടെ അറുപത് ശതമാനം തുക പെട്രോള്‍ വിലയില്‍ നികുതിയിനത്തില്‍ ഈടാക്കുമ്പോള്‍ ഡീസല്‍ വിലയില്‍ ഇത് 54 ശതമാനമാണ്.  ഊര്‍ജ്ജ സംബന്ധിയായ മേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയെന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധയെന്നാണ് പ്രധാനമന്ത്രി വിശദമാക്കുന്നത്.

PM Narendra Modi blames previous governments for fuel price hike