എല്ലാവര്‍ക്കും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം, ഇത് പാകിസ്താനാണ് ഇന്ത്യയല്ല; പരാമര്‍ശവുമായി പാക് കോടതി

single-img
17 February 2021

പാക് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 പേരുടെ കേസില്‍ വാദം കേള്‍ക്കവെ ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. പാക് സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശം ലംഘിച്ചുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ല ഇത് ഇന്ത്യയല്ല പാകിസ്താനാണെന്ന് ഓർമ്മപ്പെടുത്തി. ” രാജ്യത്തെ എല്ലാവരുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഇത് പാകിസ്താനാണ്. അല്ലാതെ ഇന്ത്യയല്ല,” മിനല്ല കോടതിയില്‍ പറഞ്ഞു.

പിടിഎം അധ്യക്ഷനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പാഷ്ടീന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പാക് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, കേസില്‍ വാദം കേള്‍ക്കവെ പാക് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം പിന്‍വലിച്ചുവെന്ന് പാക് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയില്‍ അറിയിച്ചു.

കേസിന്റെ വാദത്തിനിടയിൽ ഒരു ജനാധിപത്യ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ജസ്റ്റിസ് മിനല്ല പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പട്ട ഒരു സര്‍ക്കാരിന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. നമ്മള്‍ വിമര്‍ശനങ്ങളെ ഭയക്കാന്‍ പാടില്ല. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ കോടതി സംരക്ഷിക്കും,” മിനല്ല പറഞ്ഞു.